ന്യൂഡൽഹി– രാജ്യം ഉറ്റുനോക്കിയ കേന്ദ്ര ബജറ്റിൽ അതിവേഗ റെയിൽ ഇടനാഴിയുടെ കാര്യത്തിൽ കേരളത്തിന് നിരാശ. ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഏഴ് പുതിയ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ ഒന്നിൽ പോലും കേരളം ഉൾപ്പെട്ടില്ല. മുംബൈ – പുണെ, പുണെ – ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ഡൽഹി – വാരാണസി, വാരാണസി – സിലിഗുരി എന്നിവയാണ് ബജറ്റിൽ ഇടംപിടിച്ച ഏഴ് ഇടനാഴികൾ. സഭയിൽ പദ്ധതികൾ പ്രഖ്യാപിച്ചതോടെ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധമുയർത്തി. കൂടാതെ കേരളത്തിൽ ഇത്തവണയും എയിംസ് പ്രഖ്യാപിക്കാത്തതും നിരാശയായി.
കേരളത്തിന് നേരിട്ട് റെയിൽവേ പദ്ധതികളില്ലെങ്കിലും, അപൂർവ ധാതുഖനനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ‘ധാതു ഇടനാഴി’ (Mineral Corridor) പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കർത്തവ്യപഥിലെ പുതിയ ഓഫീസിൽ നിന്നുള്ള ആദ്യ ബജറ്റ് അവതരണമായതിനാൽ, സർക്കാരിന്റെ ‘കർത്തവ്യങ്ങളെ’ കുറിച്ചുള്ള പരാമർശത്തോടെയാണ് മന്ത്രി പ്രസംഗം ആരംഭിച്ചത്.
സാമ്പത്തിക വളർച്ച നിലനിർത്തുക, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക, എല്ലാ വിഭാഗം ജനങ്ങൾക്കും വിഭവങ്ങളും അവസരങ്ങളും തുല്യമായി ലഭ്യമാക്കുക എന്നിവയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി വ്യക്തമാക്കി.
തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന പദവി നിർമല സീതാരാമന് സ്വന്തമാക്കിയിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി ഒരു ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ബജറ്റ് പ്രമാണിച്ച് ഓഹരി വിപണികൾ ഇന്ന് സജീവമായി പ്രവർത്തിക്കുന്നുണ്ട്.
ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:
ജലപാതകൾ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 പുതിയ ജലപാതകൾ നിർമ്മിക്കും. വാരണാസിയെയും പറ്റ്നയെയും ബന്ധിപ്പിക്കുന്ന ജലപാത ഇതിൽ പ്രധാനമാണ്.
നഗരവികസനം: രാജ്യത്തെ നഗരങ്ങളുടെ വികസനത്തിനായി 5,000 കോടി രൂപ നീക്കിവെച്ചു.
കരകൗശല മേഖല: നെയ്ത്തുകാർക്കും കരകൗശല വിദഗ്ധർക്കുമായി ‘നാഷണൽ ഹാൻഡിക്രാഫ്റ്റ്’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു.
ചെറുകിട വ്യവസായം: എം.എസ്.എം.ഇ (MSME) മേഖലയ്ക്ക് 2,000 കോടി രൂപ അനുവദിച്ചു.
കായികം: സ്പോർട്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിനും ഈ മേഖലയിലെ ഗവേഷണത്തിനുമായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും.
വാഹനാപകട ഇന്‍ഷുറന്‍സ് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി; പുതിയ ഇൻകം ടാക്സ് നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും
അർബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും ; ദേശീയ മാനസികാരോഗ്യ കേന്ദ്രങ്ങൾ ഉത്തരേന്ത്യയിൽ സ്ഥാപിക്കും
പുതിയ അഞ്ച് മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കും; ആയുഷ് ഫാർമസികൾ നവീകരിക്കും



