ന്യൂഡൽഹി– കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പാർലമെന്റിന് പുറത്ത് യു.ഡി.എഫ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമണങ്ങൾ അവസാനിപ്പിക്കുക, കന്യാസ്ത്രീകൾക്കെതിരെ അക്രമണം നടത്തിയ ഗുണ്ടകളെ അറസ്റ്റ് ചെയ്യുക, ഇന്ത്യ എല്ലാവരുടെയും, നാം ഒന്നാണ് എന്നിങ്ങനെയുള്ള സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
അതിനിടെ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ സന്ദർശിക്കുന്നതിന് യു.ഡി.എഫ് എംപിമാർക്ക് അനുമതി നിഷേധിച്ചിരുന്നു.തുടർന്ന് ശക്തമായ പ്രതിഷേധം ഉയർന്നതോടെ അനുമതി നൽകാൻ അധികൃതർ നിർബന്ധിതരായി. എംപിമാർ ജയിലിലെത്തി കന്യാസ്ത്രീകളെ കണ്ടു. യു.ഡി.എഫ് എംപിമാരായ പ്രിയങ്ക ഗാന്ധി,ശശി തരൂർ, അടൂർ പ്രകാശ്, എൻ.കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, കെ.സി വേണുഗോപാൽ, കെ ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, എം.പി അബ്ദുസമദ് സമദാനി, വി.കെ ശ്രീകണ്ഠൻ, ഇ.ടി മുഹമ്മദ് ബഷീർ, രാജ്മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ, ഷാഫി പറമ്പിൽ, എം.കെ രാഘവൻ തുടങ്ങിയവർ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചു.
കന്യാസ്ത്രീകളോട് വ്യാജ ആരോപണങ്ങൾ അടിസ്ഥാനമാക്കി മോശമായി പെരുമാറിയതും തുടർന്ന് അറസ്റ്റ് ചെയ്തതിലും ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതീഷേധം രേഖപ്പെടുത്തി. നിർബന്ധിത മതപരിവർത്തനം,മനുഷ്യക്കടത്ത് തുടങ്ങിയ വകുപ്പുകൾ ചുമത്തിയതും, ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
ഇത് മതപരമായ അസഹിഷ്ണുതയും, നിയമം നടപ്പാക്കുന്ന സംവിധാനങ്ങളുടെ ദുരുപയോഗവും രാജ്യത്ത് കൂടിവരുന്നതിന്റെ ഒരു ഉദാഹരണമാണ് എന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ സമൂഹത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഈ സംഭവത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടേണ്ടതാണ് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യം പാർലമെന്റിലും ഭരണകൂട തലത്തിലും ഉന്നയിച്ച്, ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇ.ടി പറഞ്ഞു. കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കുകയും, കുറ്റക്കാർക്ക് നിയമാനുസൃതമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.