മുംബൈ- മഹാരാഷ്ട്രയിലെ അംബോലി വെള്ളച്ചാട്ടത്തിൽ പിഞ്ചുകുഞ്ഞുമായി നിന്നയാളുടെ മേലേക്ക് പാമ്പ് വീണത് കുടുംബത്തെയും സമീപത്തുണ്ടായിരുന്ന വിനോദസഞ്ചാരികളെയും ഭീതിയിലാഴ്ത്തി. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ മഴക്കാല വിനോദസഞ്ചാര കേന്ദ്രമായ അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം നടന്നത്.
ഒരു വിനോദസഞ്ചാരി പകപ്പെടുത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. വഴുവഴുപ്പുള്ള പാറക്കെട്ടുകളിലൂടെ ഒരാൾ തന്റെ പിഞ്ചുകുഞ്ഞിനെയും എടുത്ത് നടന്നുനീങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. തൊട്ടുപിന്നിലായി കുടുംബാംഗങ്ങളും വെള്ളച്ചാട്ടത്തിന് താഴെയായി നിൽക്കുന്നുണ്ടായിരുന്നു.
ഇവർ അന്തരീക്ഷം ആസ്വദിച്ചു നിൽക്കുന്നതിനിടെ, പെട്ടെന്നാണ് മുകളിലെ പാറക്കെട്ടുകളിൽ നിന്ന് ഒരു വലിയ പാമ്പ് താഴേക്ക് പതിച്ച് കുഞ്ഞിനെ കൈകളിൽ പിടിച്ചിരുന്നയാളുടെ തോളിലേക്ക് വീണത്. അയാൾക്ക് പ്രതികരിക്കാൻ കഴിയും മുൻപ് തന്നെ പാമ്പ് വഴുതി വീണ് അവിടുത്തെ പാറയിടുക്കിലേക്ക് ഇഴഞ്ഞുപോയി.
പാമ്പിനെ കണ്ടതോടെ ആളുകൾ ഭയന്നുവിളിക്കുകയും പെട്ടെന്ന് തന്നെ അവിടെനിന്ന് മാറിപ്പോവുകയും ചെയ്യുന്നത് കാണാം. കുഞ്ഞിനെ പിടിച്ചിരുന്നയാളും ഈ അപ്രതീക്ഷിത സംഭവത്തിൽ പകച്ചുപോയി.
“ഇത് വലിയൊരു പാമ്പാണ്, മൂർഖനാണ്,” എന്ന് ഒരാൾ വിളിച്ചുപറയുന്നത് കേൾക്കാമെങ്കിലും പാമ്പ് ഏത് ഇനത്തിൽപ്പെട്ടതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിലും വനമേഖലകളിലും പോകുമ്പോഴുള്ള ഗുരുതരമായ അപകടസാധ്യതയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്. കനത്ത മഴയത്ത് ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ ജനത്തിരക്ക് അനുഭവപ്പെടാറുള്ളതിനാൽ, അനാവശ്യ അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
സുരക്ഷ ഉറപ്പാക്കാൻ, വിനോദസഞ്ചാരികൾ കാടുകയറിയ പ്രദേശങ്ങൾ, വഴുവഴുപ്പുള്ള പാറകൾ, വന്യജീവികൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള പാറയിടുക്കുകൾ എന്നിവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കേണ്ടതുണ്ട്.







