പട്‌ന– ‘വോട്ട് മോഷണം’ സംബന്ധിച്ച് താൻ നടത്തിയ വെളിപ്പെടുത്തലുകൾ അവസാനിക്കുന്നില്ലെന്നും ഇതിലും വലിയ വെളിപ്പെടുത്തലാണ് വരാൻ പോകുന്നതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർണാടകയിലെ വോട്ട് മോഷണം സംബന്ധിച്ച് കണക്കുകൾ വെച്ചു നടത്തിയ വെളിപ്പെടുത്തൽ ആറ്റം ബോംബ് ആയിരുന്നെങ്കിൽ അതിനേക്കാൾ വലിയ ഹൈഡ്രജൻ ബോംബാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖം പുറത്തു കാണിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിഹാറിലെ പട്‌നയിൽ വോട്ടർ അധികാർ യാത്രയുടെ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ജനങ്ങളുടെ റേഷൻ കാർഡും ഭൂമിയും തട്ടിയെടുത്ത് അദാനിക്കും അംബാനിക്കും നൽകുമെന്നും വിമർശിച്ച രാഹുൽ ഗാന്ധി വോട്ടർ അധികാർ യാത്രക്ക് ലഭിച്ച ജനപിന്തുണക്ക് നന്ദി പറഞ്ഞു. ആറു മാസത്തിനുള്ളിൽ ബിഹാറിലെ നരേന്ദ്രമോദി-നിതീഷ് കുമാർ ഡബിൾ എഞ്ചിൻ നിലംപതിക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലാകാജുൻ ഖാർഗെയും പറഞ്ഞു. ആഗസ്ത് 17ന് ബിഹാറിലെ സസാറാമിൽ നിന്നു തുടങ്ങിയ യാത്ര 20 ജില്ലകളിലൂടെ 1300 കിലോമീറ്ററിലും സഞ്ചരിച്ചാണ് പട്‌നയിൽ സമാപിച്ചത്.