കണ്ണൂർ– പയ്യാമ്പലത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സ്ഥാപിച്ചിരുന്ന ശിലാഫലകം പുനഃസ്ഥാപിച്ച് കോൺഗ്രസ്. പയ്യാമ്പലത്തെ കടലോര നടപ്പാതയുടെയും പാർക്കിന്റെയും ശിലാഫലകമാണ് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വതിൽ വെള്ളിയാഴ്ച ദിവസം പുനഃസ്ഥാപിച്ചത്.
കുട്ടികൾക്കായുള്ള പാർക്കും കടലോര നടപ്പാതയുടെയും ഉദ്ഘാടനം 2015 മേയ് 15ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് നടക്കുന്നത്. പിന്നീട് 2022 മാർച്ചിൽ നവീകരിച്ച പാർക്കും നടപ്പാതയും മന്ത്രി റിയാസ് ഉദ്ഘാടനം ചെയതതായി പറയുന്ന പുതിയ ഫലകം സ്ഥാപിക്കുന്നത്. എന്നാൽ, പഴയ ഫലകം കുപ്പതൊട്ടിയിൽ തള്ളിയാണ് പുതിയത് സ്ഥാപിച്ചത് എന്നാണ് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിക്കുന്നത്. ഇതോട് കൂടിയാണ് ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഓർമ്മദിനത്തിൽ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിലാഫലകം മാറ്റി സ്ഥാപിച്ചതെന്നും ശിലാഫലകം കുപ്പതൊട്ടിയിൽ തള്ളി അതിന്മേൽ ചൂലെടുത്തുവെച്ചതായി കണ്ടെന്നും എന്ന് തുടങ്ങുന്ന ആരോപണങ്ങളുമായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു.
കണ്ണൂർ ഡിടിപിസിയുടെ കീഴിലുള്ള സിവ്യൂ പാർക്കിലാണ് സംഭവം നടക്കുന്നത്. ആരോപണങ്ങളിലുള്ള വസ്തുത അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ടൂറിസം സെക്രട്ടറിക്ക് ചുമതല നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. മുൻ സർക്കാറുകളുടെ വികസന പ്രവർത്തനങ്ങൾ തമസ്കരിക്കുന്ന രീതി ഞങ്ങൾ സ്വീകരിക്കാറില്ലെന്നും മന്തി മുഹമ്മദ് റിയാസ് അറിയിച്ചു.