ചെന്നൈ- പ്രമുഖ ചലച്ചിത്ര നിർമാതാവും തെന്നിന്ത്യൻ താരം ജീവയുടെ പിതാവുമായ ആർ.ബി. ചൗധരി (72) അന്തരിച്ചു. രാജസ്ഥാനിലെ ജോധ്പൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്നായിരുന്നു അന്ത്യം. സൂപ്പർ ഗുഡ് ഫിലിംസ് എന്ന പ്രശസ്ത നിർമ്മാണ കമ്പനിയുടെ ഉടമയായ അദ്ദേഹം തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ചോ വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും.
1988-ലാണ് സൂപ്പർ ഗുഡ് ഫിലിംസിലൂടെ അദ്ദേഹം ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. 1990-ൽ പുറത്തിറങ്ങിയ ‘പുതുവസന്തം’ ആണ് അദ്ദേഹം നിർമ്മിച്ച ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെ മികച്ച നിർമ്മാതാവിനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹത്തെ തേടിയെത്തി. പ്രശസ്ത സംവിധായകൻ കെ.എസ്. രവികുമാറിന്റെ ആദ്യ സിനിമയായ ‘പുരിയാത പുതിർ’ നിർമ്മിച്ചതും ചൗധരിയായിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ‘കീർത്തിചക്ര’ ഉൾപ്പെടെ ഒട്ടനവധി ഹിറ്റ് സിനിമകൾ അദ്ദേഹത്തിന്റെ ബാനറിൽ പുറത്തിറങ്ങിയിട്ടുണ്ട്. ചേരൻ പാണ്ഡിയൻ, നാട്ടാമൈ, പൂവൈ ഉനക്കാകെ, ഗോകുലം, സുന്ദര പുരുഷൻ, മിസ്റ്റർ റോമിയോ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 2025-ൽ പുറത്തിറങ്ങിയ ‘മാരീസൻ’ ആണ് അദ്ദേഹം നിർമ്മിച്ച അവസാന ചിത്രങ്ങളിൽ ഒന്ന്. ദശാബ്ദങ്ങളായി സിനിമാ ഇൻഡസ്ട്രിയിൽ സജീവമായിരുന്ന ആർ.ബി. ചൗധരിയുടെ വേർപാട് ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണ്.



