ന്യൂഡൽഹി– അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച പുറത്തുവന്നു. ജൂൺ 12-ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് AI171-ന്റെ ബോയിംഗ് 787-8 ഡ്രീംലൈനർ തകർന്നുവീണ സംഭവത്തിൽ, അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഫ്യൂവൽ കൺട്രോൾ സ്വിച്ചുകൾ ‘റൺ’ പൊസിഷനിൽ നിന്ന് ‘കട്ട് ഓഫ്’ പൊസിഷനിലേക്ക് മാറ്റപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കോക്പിറ്റ് വോയ്സ് റെക്കോർഡറിൽ, പൈലറ്റുമാർ ഈ വിഷയം ചർച്ച ചെയ്യുന്നതിന്റെ ശബ്ദരേഖയും ലഭിച്ചിട്ടുണ്ട്.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പുറത്തിവിട്ട 15 പേജുള്ള റിപ്പോർട്ടാണ് ദുരന്തത്തിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്നത്. ഫ്യൂവൽ കൺട്രോൾ സ്വിച്ചിന്റെ ലോക്കിംഗ് മെക്കാനിസവുമായി ബന്ധപ്പെട്ട് 2018-ൽ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) പുറപ്പെടുവിച്ച സ്പെഷ്യൽ എയർവർത്തിനെസ് ഇൻഫർമേഷൻ ബുള്ളറ്റിനിൽ (SAIB) നിർദേശിച്ച പരിശോധനകൾ നടത്തിയിട്ടില്ലെന്ന് എയർ ഇന്ത്യ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. “ബുള്ളറ്റിൻ ഉപദേശ സ്വഭാവത്തിലുള്ളതും നിർബന്ധിതമല്ലാത്തതുമായിരുന്നു,” എന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.
2018-ലെ FAA ബുള്ളറ്റിൻ, ബോയിംഗ് വിമാനങ്ങളിലെ ഫ്യൂവൽ കൺട്രോൾ സ്വിച്ചിന്റെ ലോക്കിംഗ് മെക്കാനിസം വിച്ഛേദിക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് ഗുരുതരമായ സുരക്ഷാ പ്രശ്നമായി കണക്കാക്കിയിരുന്നില്ല.
റിപ്പോർട്ട് പ്രകാരം, വിമാനം ഗതാഗത യോഗ്യതയുള്ളതാണെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മാർഗനിർദേശങ്ങളും എയർ ഇന്ത്യ പാലിച്ചിരുന്നു. ബോയിംഗിന്റെ അലേർട്ട് സർവീസ് ബുള്ളറ്റിനുകളും കൃത്യമായി പിന്തുടർന്നതായി റിപ്പോർട്ടിൽ പറയുന്നു.
FAA-യുടെ 2018-ലെ ബുള്ളറ്റിൻ, ബോയിംഗ് 737 വിമാനങ്ങളിൽ ഫ്യൂവൽ കൺട്രോൾ സ്വിച്ചിന്റെ ലോക്കിംഗ് മെക്കാനിസം വിച്ഛേദിക്കപ്പെട്ടേക്കാമെന്ന് ഓപ്പറേറ്റർമാർ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുറപ്പെടുവിച്ചത്. എന്നാൽ, ഇത് സുരക്ഷാ ഭീഷണിയായി കണക്കാക്കപ്പെട്ടിരുന്നില്ല.