നാഗ്‌പൂർ: രാജ്യത്ത് ഇന്ധനവില വർധനവിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ, ഗ്യാസിനും പെട്രോളിനും എല്ലാ മതസ്ഥർക്കും ഒരേ വിലയാണെന്ന വിചിത്ര വാദവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. വികസനത്തെയും അവശ്യസാധനങ്ങളുടെ വിലയെയും മതവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവന ഇതിനോടകം തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഹിന്ദുക്കൾക്ക് ഏത് നിരക്കിലാണോ പാചകവാതകവും പെട്രോളും ഡീസലും ലഭിക്കുന്നത്, അതേ നിരക്കിൽ തന്നെയാണ് മുസ്ലീങ്ങൾക്കും ലഭിക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ പരാമർശം. വിലക്കയറ്റത്തെ ന്യായീകരിക്കാനാണോ അതോ തുല്യതയെക്കുറിച്ച് പറയാനാണോ മന്ത്രി ഇത്തരമൊരു വാദം ഉന്നയിച്ചതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. വികസനത്തിന്റെ ഗുണഫലങ്ങൾ ആസ്വദിക്കുമ്പോൾ അവിടെ മതപരമായ വ്യത്യാസങ്ങളില്ലയെന്നും മന്ത്രി വ്യക്തമാക്കി.
നാഗ്‌പൂരിലെ തൊഴിലാളി ദിന പരിപാടിയിൽ സംസാരിക്കവേ ജാതി രാഷ്ട്രീയത്തിനെതിരെയും അദ്ദേഹം കടുത്ത നിലപാട് സ്വീകരിച്ചു. ഇനി ആരെങ്കിലും എന്റെ അടുത്ത് ജാതിയുടെ പേര് പറഞ്ഞ് വന്നാൽ ഞാൻ അവരെ ആഞ്ഞടിക്കുയെന്ന് വളരെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം വിവേചനങ്ങൾ സമൂഹത്തിന് ഗുണകരമല്ലെന്നാണ് മന്ത്രിയുടെ പക്ഷം.
മറ്റു നേതാക്കളെ രൂക്ഷമായി പരിഹസിക്കാനും ഗഡ്കരി മറന്നില്ല. പുറത്ത് ജാതി പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്നവർ തന്നെ പിന്നീട് സ്വന്തം കുടുംബത്തിന് വേണ്ടി സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ട് തന്റെ അരികിൽ എത്താറുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. പുറത്ത് വലിയ മുദ്രാവാക്യങ്ങൾ വിളിക്കുന്നവർ എന്റെ വീട്ടിലെത്തി ഭാര്യക്കോ മക്കൾക്കോ വേണ്ടി സീറ്റ് ചോദിച്ച് ചെവിയിൽ മന്ത്രിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.



