ന്യൂദൽഹി- ഈ മാസം 30-ന് നടക്കാനിരിക്കുന്ന ബിരുദാനന്തര ബിരുദ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പി.ജി (NEET PG 2026) പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരവധി പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ നീറ്റ് പി.ജി പരീക്ഷ രാജ്യത്തുടനീളം ഏകദേശം 340 നഗരങ്ങളിലെ 1,300-ലധികം കേന്ദ്രങ്ങളിലായി ഒറ്റ ഷിഫ്റ്റിലാണ് നടക്കുന്നത്. പരീക്ഷാർത്ഥികൾക്ക് വലിയ ആശ്വാസമായി, തിരഞ്ഞെടുക്കാവുന്ന പരീക്ഷാ നഗരങ്ങളുടെ മുൻഗണനാ ക്രമത്തിൽ മന്ത്രാലയം മാറ്റം വരുത്തിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഇനിമുതൽ അവരുടെ സംസ്ഥാനങ്ങളും താല്പര്യമുള്ള മൂന്ന് പരീക്ഷാ നഗരങ്ങളും മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കാം.
യാത്രയും താമസസൗകര്യങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്യുന്നതിനായി, പരീക്ഷയ്ക്ക് ഏകദേശം മൂന്ന് ആഴ്ച മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റിൽ പരീക്ഷാ നഗരം വ്യക്തമാക്കുന്ന വിവരങ്ങൾ ലഭ്യമാക്കും. പരീക്ഷാ രീതിയിലും മന്ത്രാലയം മാറ്റം വരുത്തിയിട്ടുണ്ട്. ചോദ്യങ്ങളുടെ എണ്ണം 200-ൽ നിന്ന് 180 ആയി കുറച്ചു. എന്നാൽ പരീക്ഷാ സമയം മൂന്ന് മണിക്കൂർ 30 മിനിറ്റായി (210 മിനിറ്റ്) മാറ്റമില്ലാതെ തുടരും. ഇത് പരീക്ഷാർത്ഥികൾക്ക് ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ കൂടുതൽ സമയം ലഭിക്കാൻ സഹായിക്കും.
സുരക്ഷയും ഉദ്യോഗാർത്ഥികളുടെ തിരിച്ചറിയൽ പരിശോധനയും ശക്തമാക്കുന്നതിന്റെ ഭാഗമായി, അപേക്ഷാ ഘട്ടത്തിലും പരീക്ഷാ ദിവസവും ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന നടപ്പാക്കും. വിരലടയാള പരിശോധന പരാജയപ്പെടുന്ന സാഹചര്യങ്ങളിൽ ഐറിസ് (കണ്ണിലെ പാളികൾ പരിശോധിക്കുന്ന) ബയോമെട്രിക് രീതി ഉപയോഗിക്കും.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം ആകെ 2,73,183 ഉദ്യോഗാർത്ഥികളാണ് നീറ്റ് പി.ജി 2026-ന് അപേക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രജിസ്ട്രേഷനിൽ 12.5 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.






