മോസ്കോ- റഷ്യയിൽ നിന്ന് ഫോസിൽ ഇന്ധനങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കയുടെ ഭീഷണിക്കിടയിലും ഫോസിൽ ഇന്ധന കയറ്റുമതിയിലൂടെ റഷ്യൻ സമ്പദ് വ്യവസ്ഥക്ക് വൻ നേട്ടമെന്ന് റിപോർട്ട്. യുക്രൈൻ യുദ്ധത്തിനിടയിലും റഷ്യയുടെ ഊർജ കയറ്റുമതി തടസ്സമില്ലാതെ തുടരുന്നുണ്ടെന്നാണ് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (സി.ആർ.ഇ.എ) റിപോർട്ട് വ്യക്തമാക്കുന്നത്.
2023 മുതൽ റഷ്യയുടെ ഫോസിൽ ഇന്ധന കയറ്റുമതി വരുമാനത്തിന്റെ പകുതിയിലധികവും സംഭാവന ചെയ്തത് ചൈനയും ഇന്ത്യയും ചേർന്നാണ്. 35.3 ശതമാനമാണ് ചൈനയുടെ സംഭാവന. വരുമാനത്തിന്റെ 20.2 ശതമാനം ഇന്ത്യയിൽ നിന്നും 13.8 ശതമാനം തുർക്കിയയിൽ നിന്നുമാണ്.
യുക്രൈൻ യുദ്ധത്തിന് ശേഷം റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വർധിപ്പിച്ചിട്ടുണ്ട്. നേരത്തേ യൂറോപ്യൻ രാജ്യങ്ങളായിരുന്നു മുന്നിൽ. ഉപരോധങ്ങളും നയപരമായ മാറ്റങ്ങളും കാരണം യൂറോപ്യൻ രാജ്യങ്ങൾ ഇറക്കുമതി കുറക്കുകയായിരുന്നു.
2023 മുതൽ റഷ്യയിൽ നിന്ന് 24,160 കോടി ഡോളറിന്റെ അസംസ്കൃത എണ്ണയാണ് ചൈന ഇറക്കുമതി ചെയ്തത്. ഇന്ത്യ 16,740 കോടി ഡോളറിന്റെ എണ്ണയും എത്തിച്ചു. 8,170 കോടി ഡോളറിന്റെ ഇന്ധനമാണ് തുർക്കിയ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്.
4,800 കോടി ഡോളറിന്റെ പ്രകൃതിവാതകം ചൈന ഇറക്കുമി ചെയ്തപ്പോൾ ഇന്ത്യ 30 കോടിയുടെ മാത്രമാണ് ഇറക്കുമി ചെയ്തത്. എന്നാൽ തുർക്കിയ 3,110 കോടിയുടെ ഗ്യാസ് ഇറക്കുമതി ചെയ്തു. ചൈന 2,960 കോടി ഡോളറിന്റെയും ഇന്ത്യ 1,530 കോടി ഡോളറിന്റെയും തുർക്കിയ 1,170 കോടി ഡോളറിന്റെയും കൽക്കരിയും ഇറക്കുമതി ചെയ്തു.
യുക്രൈൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ചൈനയും ഇന്ത്യയും റഷ്യയുടെ ഏറ്റവും വലിയ വിപണിയായി മാറിയത്.







