ന്യൂഡല്‍ഹി– ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു)യില്‍ നിന്നും 2016ല്‍ കാണാതായ നജീബി അഹമ്മദ് എന്ന വിദ്യാര്‍ഥിയുടെ തിരോധാനക്കേസില്‍ അന്യേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐക്ക് അനുമതി നല്കി കോടതി. ഡല്‍ഹി റൗസ് അവന്യൂ കോടതി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജ്യോതി മഹേശ്വരിയാണ് കേസുമായി ബന്ധപ്പെട്ട് ക്ലോഷര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചത്. തിരോധാനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള തെളിവ് ലഭിക്കുകയാണെങ്കില്‍ അന്യേഷണം പുനരാരംഭിക്കാനുള്ള അനുമതിയും സി.ബി.ഐക്ക് കോടതി നല്‍കിയിട്ടുണ്ട്.
2016ലാണ് ജെ.എന്‍.യുവിലെ എം.എസ്.സി വിദ്യാര്‍ഥിയായിരുന്ന നജീബ് അഹമ്മദിനെ കാണാതാവുന്നത്. കാണാതാവുന്നതിന് മുന്‍പ് എ.പി.വി.പി പ്രവര്‍ത്തരുമായി നജീബ് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും രാത്രി ഹോസ്റ്റല്‍ മുറിയിലെത്തി ഇവര്‍ നജീബിനെ മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് നജീബ് അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഹോസ്റ്റലില്‍ തിരിച്ചെത്തിയ നജീബ് മാതാവിനെ വിളിച്ച് ഉടന്‍ യൂണിവേഴ്സിറ്റിയില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിറ്റേദിവസം മുതല്‍ നജീബിനെ കാണാതാവുകയായിരുന്നു. സി.ബി.ഐ അടക്കമുള്ള ഏജന്‍സികള്‍ നജീബിന്റെ തിരോധാനത്തില്‍ അന്യേഷണം നടത്തിയെങ്കിലും ഇത്ര വര്‍ഷമായിട്ടും ഒരു തുമ്പും ലഭിച്ചിട്ടില്ല.