ബംഗളൂരു– മകളെ ക്ഷേത്രത്തിൽ വച്ച് നരബലി നൽകാൻ ശ്രമിച്ച് അമ്മ. ഗുരുതരമായി പരിക്കേറ്റ മകൾ നിലവിൽ ചികിത്സയിലാണ്. ബാംഗ്ലൂർ അനേക്കൽ സ്വദേശിയായ സരോജമ്മയാണ് മകൾ രേഖയെ നരിബലി നൽകാൻ ശ്രമിച്ചത്. തനിസാന്ദ്രക്ക് സമീപമുള്ള ഹരിഹരേശ്വര ക്ഷേത്രത്തിൽ കഴിഞ്ഞദിവസം പുലർച്ചെയാണ് സംഭവം. പുലർച്ചെ നാലരയോടെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഇവർ പ്രാർത്ഥിച്ചു കഴിഞ്ഞ രേഖയെ കഴുത്തിനു പിന്നിൽ അരിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. രേഖയുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് സരോജമ്മയെ പിടിച്ചു മാറ്റിയത്. കഴുത്തിന് പിന്നിൽ ഗുരുതരമായി വെട്ടേറ്റ രേഖയെ ഉടനെ ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തെ തുടർന്ന് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭർത്താവുമായി വഴക്കിട്ട് കഴിഞ്ഞ ദിവസം വീട്ടിലെത്തിയ രേഖയെ സരോജമ്മ ക്ഷേത്രത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ജ്യോതിഷിയുടെ നിർദ്ദേശപ്രകാരം നരിബലി നൽകാൻ ശ്രമിച്ചുവെന്നാണ് പോലീസിന്റെ സംശയം. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.



