റിയാദ്: പതിറ്റാണ്ടുകൾ നീണ്ട പ്രവാസത്തിന്റെ പ്രയാസങ്ങൾക്ക് ഒടുവിൽ പ്രിയപ്പെട്ടവരുടെ അരികിലേക്ക് മടക്കം, പക്ഷേ ചേതനയറ്റ ശരീരമായി… ഉത്തർപ്രദേശ് ഗോണ്ട സ്വദേശി മുഹമ്മദ് ഷഫാത്തുള്ളയുടെ (59) 35 വർഷത്തെ പ്രവാസജീവിതമാണ് റിയാദിൽ ദുരന്തപൂർണ്ണമായി അവസാനിച്ചത്. ജോലിക്കിടെ ഉയരത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം.
35 വർഷം മുമ്പ് സൗദിയിലെത്തിയ ഷഫാത്തുള്ള, 19 വർഷത്തോളം നിർമാണ മേഖലയിൽ ഒരേ സ്പോൺസറുടെ കീഴിൽ ജോലി ചെയ്തു. എന്നാൽ 16 വർഷം മുമ്പ് അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയതോടെ ജീവിതത്തിന്റെ താളം തെറ്റി. സ്പോൺസറുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ‘ഹുറൂബ്’ (നിയമവിരുദ്ധ താമസം) ആവുകയും താമസരേഖയായ ഇഖാമ നഷ്ടപ്പെടുകയും ചെയ്തു. താമസരേഖകളില്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാനാകാതെ സൗദിയിൽ തന്നെ തുടരാൻ നിർബന്ധിതനാവുകയായിരുന്നു.
നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ എംബസി വഴി നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുറച്ചുമാസം കൂടി ജോലി ചെയ്യാൻ തീരുമാനിച്ചതാണ് തിരിച്ചടിയായത്. ഇതിനിടെയാണ് ജോലിക്കിടെ ഉയരത്തിൽ നിന്ന് വീണ് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് അൽഖർജ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. കേളി ജീവകാരുണ്യ വിഭാഗം വൈസ് ചെയർമാൻ നാസർ പൊന്നാനിയെ പോലീസ് വിവരമറിയിച്ചതോടെയാണ് ഷഫാത്തുള്ളയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഇന്ത്യൻ എംബസിയുടെ സജീവ ഇടപെടലിലൂടെ മൃതദേഹം തിരിച്ചറിയുകയും നടപടികൾ പൂർത്തിയാക്കി കുടുംബത്തിന്റെ അഭ്യർത്ഥനപ്രകാരം എംബസിയുടെ പൂർണ്ണ ചെലവിൽ നാട്ടിലേക്ക് അയക്കുകയും ചെയ്തു.







