ന്യൂദൽഹി- സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രത്യേക ക്ഷണപ്രകാരമുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം ഉടൻ തുടങ്ങും. മോഡി ന്യൂദൽഹിയിൽനിന്ന് ജിദ്ദയിലേക്ക് തിരിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിക്ക്(സൗദി സമയം) മോഡി ജിദ്ദയിൽ വിമാനമിറങ്ങും. നാൽപത് വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജിദ്ദയിൽ എത്തുന്നത്.
സൗദി അറേബ്യയുമായുള്ള ദീർഘകാലവും ചരിത്രപരവുമായ ബന്ധങ്ങളെ ഇന്ത്യ വളരെയധികം വിലമതിക്കുന്നുവെന്ന് മോഡി പറഞ്ഞു. പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജ്ജം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിൽ ഉൾപ്പെടെ പ്രയോജനകരവും അർത്ഥപൂർണ്ണവുമായ പങ്കാളിത്തം ഇരുരാജ്യങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും മോഡി പറഞ്ഞു. പ്രാദേശിക സമാധാനം, സമൃദ്ധി, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള താൽപ്പര്യവും പ്രതിബദ്ധതയും ഇരു രാജ്യങ്ങളും പങ്കിട്ടു.
കഴിഞ്ഞ ദശകത്തിനിടെ സൗദി അറേബ്യയിലേക്കുള്ള എന്റെ മൂന്നാമത്തെ സന്ദർശനമാണിത്, ചരിത്രപരമായ നഗരമായ ജിദ്ദയിലേക്കുള്ള ആദ്യ സന്ദർശനവുമാണിത്. 2023-ൽ എന്റെ സഹോദരൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യയിലേക്കുള്ള വിജയകരമായ സന്ദർശനത്തെ അടിസ്ഥാനമാക്കി തന്ത്രപരമായ പങ്കാളിത്ത കൗൺസിലിന്റെ രണ്ടാം യോഗത്തിൽ പങ്കെടുക്കാനും ഞാൻ ആഗ്രഹിക്കുന്നു.
രാജ്യങ്ങൾക്കിടയിലുള്ള ജീവനുള്ള പാലമായി വർത്തിക്കുകയും സാംസ്കാരികവും മാനുഷികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് വളരെയധികം സംഭാവന നൽകുകയും ചെയ്യുന്ന സൗദി അറേബ്യയിലെ ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെടാനും ഞാൻ ആഗ്രഹിക്കുന്നുവെന്നും മോഡി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ജിദ്ദ സന്ദർശനം, സ്വകാര്യ ഹജ് പ്രതിസന്ധി കിരീടാവകാശിയുമായി ചർച്ച ചെയ്യും-അംബാസിഡർ
ജിദ്ദ- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജിദ്ദ സന്ദർശനത്തിൽ ഇന്ത്യയിൽനിന്നുള്ള സ്വകാര്യ ഹജ് തീർത്ഥാടകരുടെ യാത്ര സംബന്ധിച്ച പ്രതിസന്ധിയും ചർച്ചയാകുമെന്ന് സൗദിയിലെ ഇന്ത്യൻ അംസാസിഡർ സുഹൈൽ അജാസ് ഖാൻ. പ്രധാനമന്ത്രി നരേന്ദ്രമോഡിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഹജ് പ്രതിസന്ധി ചർച്ചയാകുമെന്ന് അംബാസിഡർ പറഞ്ഞു.
ഹജിന് ഇന്ത്യൻ സർക്കാർ വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ഹജ് പ്രതിസന്ധി പരിഹരിക്കാൻ ന്യൂനപക്ഷകാര്യ മന്ത്രാലയം തീവ്രശ്രമത്തിലാണ്. ഉഭയകക്ഷി ചർച്ചകളിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. സൗദി സർക്കാരും ഇന്ത്യയും തമ്മിൽ എല്ലായ്പ്പോഴും മികച്ച ഏകോപനം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടെന്നും അംബാസിഡർ പറഞ്ഞു.
“രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോഡി നാളെ(ചൊവ്വ) രാവിലെ ജിദ്ദയിൽ എത്തും. പ്രധാനമന്ത്രിയുടെ ജിദ്ദ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കിയ അംബാസിഡർ, ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജിദ്ദയിൽ വന്നിട്ട് നാല് പതിറ്റാണ്ടായെന്നും പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1982 ൽ ജിദ്ദയിലെത്തിയിരുന്നു. പ്രധാനമന്ത്രി മോഡി നേരത്തെ രണ്ടു തവണ സൗദിയിൽ എത്തിയെങ്കിലും രണ്ടും റിയാദിലായിരുന്നു. ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും ഇടയിലെ ബന്ധത്തിൽ ജിദ്ദ ഏറെ പ്രാധാന്യമുള്ള സ്ഥലമാണെന്നും അംബാസിഡർ പറഞ്ഞു. നൂറ്റാണ്ടുകളായി ഉംറയ്ക്കും ഹജ്ജിനും വരുന്ന തീർത്ഥാടകരുടെ തുറമുഖമാണ് ജിദ്ദ. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര ബന്ധത്തിനുള്ള തുറമുഖം കൂടിയാണ് ജിദ്ദ. എല്ലാത്തരം ചർച്ചകളും നടക്കുമെന്നും മുഴുവൻ വിഷയങ്ങളും ചർച്ച ചെയ്യുമെന്നും വ്യക്തമാക്കിയ അംബാസിഡർ, ഏറെ പ്രാധാന്യമുള്ള സന്ദർശനമാണിതെന്നും പറഞ്ഞു.