ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയിൽ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. എന്നാൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്ന് കോക്രോച്ച് ജനത പാർട്ടി(സി.ജെ.പി) തിരിച്ചടിച്ചു.
“നമ്മുടെ യുവാക്കളുടെ ക്ഷേമത്തിനും ഭാവിക്കും അപ്പുറമായി മറ്റൊന്നിനും പ്രാധാന്യമില്ല!” എന്നാണ് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കിയത്. ചോദ്യപേപ്പർ ചോർച്ചക്കേസുകൾ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതായും മോഡി അറിയിച്ചു.
“ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെടുന്നവർക്ക് വേഗത്തിലും കടുത്തതുമായ ശിക്ഷ ഉറപ്പാക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അധികാരികൾക്കും ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.” മോഡി പറഞ്ഞു.
വിദ്യാർത്ഥികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ കൈക്കൊള്ളുന്ന നടപടികളുടെ തുടർച്ചയാണിതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നമ്മുടെ യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും വ്യക്തമാക്കി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആസ്ഥാനമായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെയും (സി.ജെ.പി) പ്രതിപക്ഷ പാർട്ടികളുടെയും പ്രതിഷേധങ്ങൾക്കും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യങ്ങൾക്കും ഇടയിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ച സി.ജെ.പി, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തിൽനിന്നും പിറകോട്ടില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തിനിടെ 150-ലധികം ചോദ്യപേപ്പർ ചോർച്ചകൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇതിലൊന്നിൽ പോലും ശിക്ഷാവിധി ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച ആരോപിച്ചിരുന്നു.
ചോദ്യപേപ്പർ ചോർച്ച വിഷയത്തിലും തലസ്ഥാനത്ത് തിങ്കളാഴ്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിലും പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ഇതോടൊപ്പം വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും പ്രതിപക്ഷവും സി.ജെ.പി പ്രതിഷേധക്കാരും ആവശ്യപ്പെടുന്നുണ്ട്. പാർലമെന്റിൽ ചർച്ച നടക്കണമെങ്കിൽ രാജി അത്യാവശ്യമാണെന്ന നിലപാടിലാണ് പ്രതിപക്ഷം. എന്നാൽ വിഷയം സഭയിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും, രാജി ഉന്നയിച്ച് പ്രതിപക്ഷം ചർച്ച തടസ്സപ്പെടുത്തുകയാണെന്നുമാണ് സർക്കാരിന്റെ ആരോപണം.




