കൊൽക്കത്ത– അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസതാരവും നിലവിലെ ലോക ചാമ്പ്യനുമായ ലയണൽ മെസ്സി നാളെ പുലർച്ചെ ഇന്ത്യയിൽ എത്തും. ഗോട്ട് ടൂർ ഓഫ് ഇന്ത്യ – 2025 ന്റെ ഭാഗമായാണ് താരം ഇന്ത്യയിൽ എത്തുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന മെസ്സി നാളെ പുലർച്ചെ കൊൽക്കത്തയിലാണ് ഇറങ്ങുക. നാല് നഗരങ്ങളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന താരത്തിന്റെ കൂടെ ഇന്റർ മയാമി സഹതാരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും ഉണ്ടാകും.
14 വർഷങ്ങൾക്കു ശേഷമാണ് ഇതിഹാസ താരം കൊൽക്കത്തയിലെത്തുന്നത്. 70 അടി ഉയരമുള്ള മെസ്സി പ്രതിമ അനാച്ഛാദനം ചെയ്യും. തുടർന്ന് നിരവധി സിനിമ താരങ്ങൾ അടക്കം പ്രമുഖർ പന്തു തട്ടുന്ന ഗോട്ട് കപ്പിൽ താരവും ബൂട്ട് കെട്ടും. സാൾട്ട് ലോക്ക് സ്റ്റേഡിയത്തിൽ വച്ചാണ് ഈ മത്സരം അരങ്ങേറുന്നത്. ഉച്ചക്ക് ദക്ഷിണേന്ത്യൻ നഗരമായ ഹൈദരാബാദിലേക്ക് തിരിക്കുന്ന നിലവിലെ ലോക ചാമ്പ്യൻ തെലുങ്കാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തിൽ മുഖ്യ അതിഥിയാണ്. ഇവിടെയും തെലുങ്കാന മുഖ്യമന്ത്രി രേവന്ത് അടക്കുമുള്ള പ്രമുഖരുടെ കൂടെയും മെസ്സി പന്ത് തട്ടും. താരത്തിന്റെ കൂടെ കളിക്കാനായി രേവന്ത് റെഡ്ഢി ആഴ്ചകൾക്കു മുമ്പ് തന്നെ പരിശീലനം ആരംഭിച്ചിരുന്നു.
പിറ്റേദിവസം മുംബൈയിലാണ് അർജന്റീനിയൻ താരത്തിന്റെ പരിപാടികൾ അരങ്ങേറുന്നത്. വിരാട് കോഹ്ലി അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും, ബോളിവുഡ് താരങ്ങളുമെല്ലാം പങ്കെടുക്കുന്ന ഫാഷൻ ഷോയിലും താരത്തിന്റെ പ്രാതിനിധ്യം ഉണ്ടാകും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഡൽഹിയിൽ മെസ്സി കൂടി കാഴ്ച നടത്തും. ഡൽഹിയിലും സിനിമ താരങ്ങൾ പങ്കെടുക്കുന്ന ഫുട്ബോൾ മത്സരം അരങ്ങേറും. തുടർന്ന് മെസ്സിയും കൂട്ടരും നാട്ടിലേക്ക് തിരിക്കും.
താരം ഹൈദരാബാദിലെത്തുമ്പോൾ മെസ്സി ആരാധകർക്ക് അദ്ദേഹത്തിന്റെ കൂടെ ഫോട്ടോ എടുക്കാനും അദ്ദേഹത്തിന്റെ കൂടെ 15 മിനിറ്റോളം ചെലവഴിക്കാനും നൽകുന്നുണ്ട്. ഇതിന് ഏകദേശം 10 ലക്ഷം രൂപയാണ് ചാർജ്. 100 പേർക്ക് മാത്രമാണ് ഈ അവസരം നൽകുക.



