ന്യൂഡൽഹി– രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് ഡൽഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം വൻ സ്ഫോടനം. മെട്രോ സ്‌റ്റേഷൻ്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപം കാർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, അപകടത്തിൽ ഒൻപത് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു, ഇതിൽ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ആശങ്കയുണ്ട്.
തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് തലസ്ഥാനത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. മെട്രോ സ്‌റ്റേഷന് സമീപത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. സ്ഫോടനത്തിൻ്റെ കാരണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
കാർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങൾക്ക് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. കൂടാതെ, മുപ്പതിലധികം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ലോക് നായിക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് ഡൽഹി അഗ്നിരക്ഷാസേനയുടെ ഇരുപതോളം യൂണിറ്റുകൾ ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഏകദേശം അരമണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.
സംഭവത്തെത്തുടർന്ന് ചെങ്കോട്ട മെട്രോ സ്‌റ്റേഷൻ പരിസരം പൂർണമായും ഡൽഹി പോലീസ് നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. പ്രദേശത്തുണ്ടായിരുന്ന ജനങ്ങളെ പൂർണ്ണമായി ഒഴിപ്പിച്ചു. സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്താനും വിശദമായ പരിശോധനകൾക്കുമായി ഫൊറൻസിക് സംഘം ഉൾപ്പെടെയുള്ള ഉന്നതതല സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.



