ന്യൂഡൽഹി: ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി നാളെ ഇന്ത്യയിലെത്തും. മെയ് 14, 15 തീയതികളിൽ ഡൽഹി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ പ്രാദേശിക സ്ഥിരത, സാമ്പത്തിക സഹകരണം, ബഹുരാഷ്ട്ര നയതന്ത്രം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. സന്ദർശനത്തിനിടെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി അരാഗ്‌ചി ഉഭയകക്ഷി ചർച്ചകൾ നടത്തും.
മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ ഇന്ത്യയും ഇറാനും തമ്മിലുള്ള തന്ത്രപ്രധാന ബന്ധത്തിന് വലിയ പ്രസക്തിയുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ മുഹമ്മദ്‌റേസ ബഹ്‌റാമി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വെറും രാഷ്ട്രീയ കണക്കുകൂട്ടലുകൾക്ക് അപ്പുറം ഭൂമിശാസ്ത്രപരമായ അനിവാര്യതയാണെന്ന് അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി. 1950-ൽ ആരംഭിച്ച ഔദ്യോഗിക നയതന്ത്ര ബന്ധം 2001-ലെയും 2003-ലെയും കരാറുകളിലൂടെ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് വളർന്ന ചരിത്ര പശ്ചാത്തലവും അദ്ദേഹം അനുസ്മരിച്ചു.
ഇന്ത്യയും ഇറാനും തമ്മിലുള്ള സഹകരണം നിലവിലെ ആഗോള ചേരിതിരിവുകളുടെ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടതെന്നും മറിച്ച് സാമ്പത്തികവും വിനിമയപരവുമായ താൽപ്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും ബഹ്‌റാമി ചൂണ്ടിക്കാട്ടി. ഊർജ്ജ സുരക്ഷയും സുരക്ഷിതമായ വ്യാപാര പാതകളും ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇറാൻ്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഒഴിവാക്കാനാവാത്തതാണ്. ഈ സഹകരണത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ചാബഹാർ തുറമുഖ പദ്ധതി. ഈ പദ്ധതി ഒരു രാജ്യത്തിനും എതിരല്ലെന്നും മറിച്ച് പ്രാദേശിക വ്യാപാരത്തെ കൂടുതൽ ശക്തിപ്പെടുത്താനാണ് ഇത് സഹായിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആഗോള അസ്ഥിരതകൾക്കിടയിൽ ഭൂമിശാസ്ത്രപരമായ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി മുന്നോട്ട് പോകുന്ന രാജ്യങ്ങൾക്കായിരിക്കും ഭാവിയിൽ പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



