ചെന്നൈ– പ്രമുഖ ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററും വ്യവസായിയുമായ നാഗലക്ഷ്മി (42) ചെന്നൈയിലെ നങ്കനല്ലൂരിലുള്ള വസതിയിൽ വെട്ടേറ്റു മരിച്ചു. ആക്രമണത്തിന് ശേഷം ഭർത്താവ് സുബ്രഹ്മണ്യനെ (52) മറ്റൊരു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുടുംബപ്രശ്നങ്ങളെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്ന് പോലീസ് പ്രാഥമിക നിഗമനത്തിലെത്തി.
മൂന്നര ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നാഗലക്ഷ്മി ഏറെ സുപരിചിതയായിരുന്നു. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന ഇവർ, ‘ശ്രീ സായ് സിൽക്ക്സ്’ എന്ന പേരിൽ സാരി ബിസിനസ് ആരംഭിക്കുകയും അത് വലിയൊരു വ്യാപാര സ്ഥാപനമായി വളർത്തുകയും ചെയ്തു. ചുരുങ്ങിയ കാലത്തിനുള്ളിൽ ചെന്നൈയിലെ അറിയപ്പെടുന്ന ബിസിനസ് സംരംഭകയായി ഇവർ മാറിയിരുന്നു.
ദാമ്പത്യ തർക്കത്തെ തുടർന്ന് ദീർഘകാലമായി മധുരയിൽ ബന്ധുവിനൊപ്പം താമസിച്ചിരുന്ന സുബ്രഹ്മണ്യൻ കഴിഞ്ഞ ദിവസമാണ് നങ്കനല്ലൂരിലെ വീട്ടിലെത്തിയത്. പഴയ തെറ്റുകൾക്ക് മാപ്പ് ചോദിക്കാനും വീണ്ടും ഒരുമിച്ച് താമസിക്കാനുമാണ് താൻ എത്തിയതെന്ന് ഇയാൾ അറിയിച്ചിരുന്നതായി പോലീസ് പറയുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൃത്യം നടത്തിയ ശേഷം സുബ്രഹ്മണ്യൻ ചെന്നൈയിൽ ദന്തൽ വിദ്യാർത്ഥിയായ രണ്ടാമത്തെ മകന് ഫോണിൽ സന്ദേശം അയച്ചിരുന്നു. വിവരമറിഞ്ഞ് മകൻ ഓടിയെത്തിയപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന അമ്മയെയും തൂങ്ങിനിൽക്കുന്ന അച്ഛനെയും കണ്ടത്. ദമ്പതികളുടെ മൂത്ത മകൻ റഷ്യയിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്. മൃതദേഹങ്ങൾ ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പളവന്താങ്കൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



