ന്യൂഡല്‍ഹി– പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ച നിലപാട് വിദേശ രാജ്യങ്ങളെ അറിയിക്കുന്നതിനായി എംപിമാരുടെ സംഘം അന്താരാഷ്ട്ര യാത്രക്ക് തയ്യാറാകുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും എംപിമാര്‍ ഉള്‍പ്പെടുത്തി മെയ് 22ന് തുടങ്ങുന്ന യാത്രയെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ഏകോപിപ്പിക്കും.
ഓരോ സംഘത്തിലും അഞ്ചു മുതല്‍ ആറു എംപിമാര്‍ വരെയാണ് ഉണ്ടാകുക. അമേരിക്ക, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളാണ് എം.പിമാര്‍ സന്ദര്‍ശിക്കുക. പാകിസ്ഥാനെതിരായ ഇന്ത്യയുടെ നിലപാട് വിശദീകരിക്കുന്നതിനൊപ്പം, ഭീകരവാദത്തെതിരായ നിലപാടിലും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനാണ് സന്ദര്‍ശനം ലക്ഷ്യമിടുന്നത്.
ഏപ്രില്‍ 22ന് ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. മെയ് 7ന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ഓപറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ നടത്തിയ മിന്നലാക്രമണത്തില്‍ തകര്‍ത്തിരുന്നു. ഇതിനു ശേഷം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു.
മെയ് 10ന് ഇരു രാജ്യങ്ങളും വെടി നിര്‍ത്തല്‍ കരാര്‍ ഔദ്യോഗികമായി അംഗീകരിച്ച നടപടികള്‍ക്ക് ശേഷമാണ് ഇന്ത്യ നയതന്ത്ര തലത്തില്‍ വ്യാപകമായി രംഗത്തിറങ്ങുന്നത്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ നിലപാട് മറ്റു രാജ്യങ്ങള്‍ക്ക് വിശദീകരിച്ച് പാകിസ്ഥാനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണ് ലക്ഷ്യം. ഭീകരവാദത്തിനെതിരെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് സന്ദര്‍ശനങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.