ലഖ്നൗ- ജിദ്ദയിൽനിന്ന് ഇന്ത്യയിലെ ലഖ്നൗവിൽ ലാൻഡ് ചെയ്ത സൗദിയ ഹജ് വിമാനത്തിൽ പുകയും തീപ്പൊരിയും. ഹൈഡ്രോളിക് ചോർച്ചയെ തുടർന്നാണ് വിമാനത്തിൽ പുകയും തീപ്പൊരിയും ഉയർന്നത്. സുരക്ഷിതമായി ലാന്റ് ചെയ്ത വിമാനത്തിൽനിന്ന് ഹാജിമാരെ പുറത്തിറക്കി. 250 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സൗദിയ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലാണ് സാങ്കേതിക തകരാർ സംഭവിച്ചത്.
ശനിയാഴ്ച രാത്രി 10.45 ന് ജിദ്ദയിൽ നിന്ന് പുറപ്പെട്ട SV 3112 എന്ന വിമാനം ഞായറാഴ്ച രാവിലെ 6.30 ഓടെ ലഖ്‌നൗവിൽ ലാൻഡ് ചെയ്ത വിമാനത്തിന്റെ ഇടതു ചക്രത്തിൽ നിന്ന് പുകയും തീപ്പൊരികളും ഉയരുന്നത് കണ്ടതായി വിമാനത്താവള അധികൃതർ പറഞ്ഞു. പൈലറ്റ് ഉടൻ തന്നെ വിമാനം നിർത്തി എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു. തുടർന്ന് വിമാനം പിന്നിലേക്ക് തള്ളി ടാക്സിവേയിലേക്ക് മാറ്റി. മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഇറക്കി.
വിമാനത്താവളത്തിലെ അടിയന്തര പ്രതികരണ സംഘം ഉടൻ സ്ഥലത്തെത്തി 20 മിനിറ്റിനുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. വീൽ അസംബ്ലി അമിതമായി ചൂടാകാൻ കാരണമായ പെട്ടെന്നുള്ള ഹൈഡ്രോളിക് ചോർച്ചയാണ് തകരാർ എന്ന് പിന്നീട് കണ്ടെത്തി. ടേക്ക് ഓഫ് സമയത്താണ് ഇത് സംഭവിച്ചിരുന്നെങ്കിൽ പ്രശ്നം ഗുരുതരമായ ഒരു സംഭവത്തിലേക്ക് നയിച്ചേനെ എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജിദ്ദയിൽ നിന്ന് ഹജ് തീർത്ഥാടകരെയുമായി വന്ന വിമാനം തിരിച്ചു പോകുമ്പോൾ യാത്രക്കാർ ഉണ്ടാകുമായിരുന്നില്ല.