ന്യൂഡൽഹി– രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലെ പൈലറ്റ് വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. സുരക്ഷാ പ്രോട്ടോക്കോളുകളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ എസ്പിജി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം. ചെലവ് ചുരുക്കലിന് പ്രധാനമന്ത്രി തന്നെ മാതൃകയാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നടപടി. വിമാന ഇന്ധനവില വർധിച്ചതിനെത്തുടർന്ന് എയർ ഇന്ത്യയും സർവീസുകളിൽ കുറവ് വരുത്തിയിട്ടുണ്ട്.
സുരക്ഷാ വ്യൂഹത്തിൽ പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതിനായി പുതിയ ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിന് പകരം നിലവിലുള്ള വാഹനങ്ങളെ തന്നെ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്ത് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഈ വർദ്ധനവ് നടപ്പിലാക്കിയത്. അതേസമയം, ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി ഉത്തർപ്രദേശിൽ ആഴ്ചയിൽ രണ്ട് ദിവസം ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. പ്രധാനമന്ത്രി നേരിട്ട് ചെലവ് ചുരുക്കൽ നടപടികൾക്ക് തുടക്കമിട്ടതോടെ മറ്റു സംസ്ഥാനങ്ങളും സമാനമായ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്.



