- അമേരിക്കക്കു വേണ്ടി പലതും ചെയ്തു, ഭീകരരെ സഹായിച്ചിട്ടുണ്ടെന്നും പാക് പ്രതിരോധ മന്ത്രി
ഇസ്‌ലാമാബാദ്: കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ആക്രമണത്തെ അപലപിക്കുകയും തീവ്രവാദ സംഘടനകൾക്ക് അഭയം നൽകുന്നുവെന്ന വാദങ്ങൾ പാകിസ്താൻ നിഷേധിക്കുകയും ചെയ്യുന്നതിനിടെയാണ് ഭീകരവാദികളെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി രംഗത്തെത്തിയത്.
‘ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാം ജില്ലയിൽ ആക്രമണം നടത്തിയവർ സ്വാതന്ത്ര്യസമര സേനാനികളായിരിക്കാം’ എന്നാണ് ഇഷാഖ് ദാർ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞത്. ഇന്ത്യ പാകിസ്താനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താൽ തിരിച്ചടിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
പാകിസ്താനിലെ 240 ദശലക്ഷം ആളുകൾക്ക് വെള്ളം ആവശ്യമാണ്. നിങ്ങൾക്ക് അത് തടയാനാവില്ല. ഇത് ഒരു യുദ്ധത്തിന് തുല്യമാണ്. ഏതെങ്കിലും തരത്തിൽ താൽക്കാലികമായി നിർത്തിവയ്ക്കലോ കൈയേറ്റമോ അംഗീകരിക്കില്ലെന്നും സിന്ധു നദീജല കരാർ റദ്ദാക്കിയതിനെക്കുറിച്ച് ഉപപ്രധാനമന്ത്രി വ്യക്തമാക്കി.
അതിനിടെ, ഇന്ത്യ പാകിസ്താനിലുടനീളം ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ആരോപിച്ചു. തങ്ങളുടെ പൗരന്മാരെ ഉപദ്രവിച്ചാൽ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരായിരിക്കില്ലെന്നും കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരരെ സഹായിച്ചിട്ടുണ്ടെന്ന് സമ്മതിച്ച അദ്ദേഹം മൂന്ന് പതിറ്റാണ്ടായി പാകിസ്താൻ അമേരിക്കയ്ക്ക് വേണ്ടി പലതും ചെയ്‌തെന്നും ലഷ്‌കർ ഇ ത്വയ്ബയെക്കുറിച്ച് അറിയില്ലെന്നും പറഞ്ഞു.
അതേസമയം, പഞ്ചാബ് അതിർത്തിയിൽവച്ച് പാക് റേഞ്ചേഴ്‌സ് പിടികൂടിയ ബി.എസ്.എഫ് ജവാനെ പാകിസ്താൻ ഇതുവരെ വിട്ടുകൊടുത്തില്ല. ഇന്നലെ കാത്തുനിന്നിട്ടും ഫഌഗ് മീറ്റിങ്ങിന് പാകിസ്താൻ തയ്യാറായില്ല. വൈകിട്ടും ബി.എസ്.എഫ് കാത്തുനിന്നിട്ടും പാക് ഭാഗത്തുനിന്നും ആരും എത്തിയില്ലെന്നാണ് വിവരം. അതിർത്തിയിൽ കൃഷി ചെയ്യുന്നവരെ സഹായിക്കാൻ പോയപ്പോൾ അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്നപ്പോഴാണ് ജവാനെ പാക് സേന കസ്റ്റഡിയിലെടുത്തത്.
അതിനിടെ, പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിൽ എത്തിയ ഇന്ത്യൻ കരസേന മേധാവി ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതല യോഗം ചേരും.
ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ അനന്ത്‌നാഗ് അഡീഷണൽ എസ്.പിയുടെ നേതൃത്വത്തിൽ ജമ്മുകശ്മീർ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എൻ.ഐ.എ സംഘം ബൈസരണിൽ നിന്നും ഫോറൻസിക് തെളിവുകൾ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.