ധര്‍മസ്ഥല– ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നൂറിലധികം സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ അടക്കം ചെയ്‌തെന്ന് വെളിപ്പെടുത്തിയ മംഗളൂരു ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. ഇയാൾ നൽകിയത് തെറ്റായ വിവരങ്ങളാണെന്നും തെളിവുകൾ വ്യാജമാണെന്നും ആരോപിച്ചാണ് കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി മുഴുവൻ നടത്തിയ ചോദ്യം ചെയ്യലിൽ താൻ ഇത് വെറുതെ പറഞ്ഞതാണെന്ന് പരാതിക്കാരൻ പ്രത്യേക അന്വേഷണ സംഘത്തോട് പറയുകയായിരുന്നു. 2023 ൽ ഇത്തരത്തിൽ വെളിപ്പെടുത്തൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ചില ആളുകൾ തന്നെ സമീപിച്ചതായും തനിക്ക് പണം നൽകിയതായും ഇയാൾ പറഞ്ഞു. ഈ പ്രോലോഭനത്തിൽ പെട്ടാണ് താൻ ഇത്തരത്തിൽ വെളിപ്പെടുത്തൽ നടത്തിയതെന്നാണ് മുൻ ശുചീകരണ തൊഴിലാളി തുറന്നുപറഞ്ഞത്.
അവിടെ നിന്നും കണ്ടെത്തിയിരുന്ന അവശിഷ്ടങ്ങൾ സ്ത്രീയുടേതാണെന്നായിരുന്നു പരാതിക്കാരൻ ആദ്യം വാദിച്ചിരുന്നത്. പിന്നീട് ഫോറൻസിക് സയൻസ് ലബോറട്ടറി (FSL) റിപ്പോർട്ടിൽ ഇത് പുരുഷന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ, കള്ളസാക്ഷി പറഞ്ഞതിന് അന്വേഷണ സംഘം അയാൾക്കെതിരെ കേസെടുത്തു. ശനിയാഴ്‌ചയാണ് ഇയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ഭീഷണിക്കു വഴങ്ങി ധർമസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളിയുടെ പരാതി. കാര്യമായ അന്വേഷണം നടക്കാതായതോടെ ഇയാൾ കോടതിയിൽ നേരിട്ട് ഹാജരായി മൊഴിയും തെളിവും നൽകുകയായിരുന്നു.