കുടക് – കർണാടകയിൽ റെസിഡൻഷ്യൽ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ വിദ്യാർഥി മരിച്ചു. കർണാടക കുടക് ജില്ലയിലാണ് ദാരുണ സംഭവം ഉണ്ടായത്. കുടക്, കട്ടഗേരിയിലെ ഹര്‍ മന്ദിര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിൽ നടന്ന അപകടത്തിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥി പുഷ്‌പകാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു ദുരന്തം.
തീപിടിത്തം ഉണ്ടായ സമയത്ത് 30 കുട്ടികളാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. 29 കുട്ടികളെയും സുരക്ഷിതമായി രക്ഷിക്കാൻ കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. അപകടത്തിൽ പൊള്ളലേറ്റ ഏഴ് വയസ്സുകാരനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായ പൊള്ളലേറ്റതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മടിക്കേരിയിലെ ഫയർ ആൻഡ് റെസ്ക്യൂ സംഘവും പരിസര വാസികളും ചേർന്നാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.