ഫരീദാബാദ്– ഹരിയാനയിലെ ഫരീദാബാദില്‍ 25 വയസുകാരിയായ യുവതിയെ കൊന്ന് കുഴിച്ച് മൂടിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍. കൊലപാകത്തില്‍ ഭര്‍തൃമാതാവും പങ്കാളിയാണെന്നും കൊല്ലുന്നതിന് മുന്‍പ് ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ യുവതിയുടെ ഭര്‍ത്താവിനെ കണ്ടെത്താന്‍ പോലീസ് വ്യാപക തിരച്ചിലിലാണ്. കേസിലെ പ്രധാന പ്രതിയായ് ഭര്‍തൃപിതാവ് ഭൂപ് സിങിനെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതം മുന്‍കൂട്ടി ആസൂത്രണം ചെയ്താണെന്ന് കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.
കൊലപാതകത്തിന്റെ പ്ലാന്‍ അനുസരിച്ച് ഏപ്രില്‍ 15ന് ഭര്‍തൃമാതാവ് ഉത്തര്‍പ്രദേശിലേക്ക് പോയി. ഏപ്രില്‍ 21ന് രാത്ര ഭര്‍ത്താവ് അരുണ്‍ ഭാര്യക്കും സഹോദരിക്കും ഉറക്കഗുളിക കലര്‍ത്തി നല്കി. ഇരുവരും ഉറക്കമായപ്പോള്‍ യുവതിയെ കൊല്ലാന്‍ ഭൂപ് സിങ് മുറിയിലേക്ക് പോവുകയും ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുന്നതിന് മുമ്പ് അബോധാവസ്ഥയിലായിരുന്ന മരുമകളെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഭാര്യയോടും മകനോടും പറഞ്ഞിരുന്നില്ലെന്നും കുറ്റസമ്മതത്തില്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
മകനും പിതാവും ചേര്‍ന്നാണ് മൃതദേഹം കുഴിച്ചിട്ടത്. വീടിനു സമീപത്ത് തന്നെ കുഴിച്ച കുഴിയിലാണ് യുവതിയുടെ മൃതദേഹം മണ്ണിട്ട് മൂടിയത്. മലിനജല സംവിധാനത്തിനാണ് കുഴി നിര്‍മിച്ചതെന്ന് പറഞ്ഞാണ് അയല്‍വാസികളെ വിശ്വസിപ്പിച്ചത്. രണ്ടു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. യുവതി ഒളിച്ചോടിയിരിക്കാനാണ് സാധ്യതയെന്നാണ് ഭര്‍ത്താവ് അരുണ്‍ ആരോപിച്ചിരുന്നത്. എന്നാല്‍ അരുണിന്റെ കഥയില്‍ സംശയം തോന്നിയതിനാല്‍ യുവതിയുടെ കുടുംബം ഫരീദാബാദ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.