ഭോപ്പാൽ: സോഷ്യൽ മീഡിയ വഴി തുടങ്ങിയ സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ രാജസ്ഥാൻ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും മുൻകാമുകനും ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി. രാജസ്ഥാൻ സ്വദേശിയായ പപ്പു എന്ന വീരു ജാട്ടാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിൽ പാലത്തിനടിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാളുടെ കൈകാലുകൾ കെട്ടിയിട്ട നിലയിലും വായ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലുമായിരുന്നു. മൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലായിരുന്നതിനാൽ തിരിച്ചറിയുക എന്നത് പോലീസിന് വലിയ വെല്ലുവിളിയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ഒരു കുട്ടിയുടെ ഹോംവർക്ക് നോട്ടുബുക്കാണ് കൊലപാതകക്കേസിൽ നിർണ്ണായക തെളിവായത്. ബുക്കിലെ വിവരങ്ങൾ വെച്ച് കുട്ടിയുടെ അധ്യാപകനെ കണ്ടെത്തിയ പോലീസ്, തുടർന്ന് കുട്ടിയുടെ വീട്ടിലെത്തിയെങ്കിലും കുടുംബം ഒളിവിലാണെന്ന് മനസ്സിലാക്കി. ഇതോടെ സംശയം ബലപ്പെട്ട പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതികളെ ഉജ്ജൈനിൽ നിന്ന് പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രണയപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞു.
പിടിയിലായ റീന കിരാർ മുൻപ് അരുൺ പട്ടേൽ എന്നയാളുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം തകർന്നതിന് ശേഷം റീന ഫേസ്‌ബുക്ക് വഴി പപ്പുവുമായി സൗഹൃദത്തിലാവുകയും ഇയാൾ റീനയുടെ വീട്ടിൽ സ്ഥിരമായി വരാൻ തുടങ്ങുകയും ചെയ്തു. ഇതിൽ പ്രകോപിതനായ അരുൺ പട്ടേൽ, പപ്പുവിനെ വകവരുത്താൻ ഗൂഢാലോചന നടത്തുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 29-ന് റീന പപ്പുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും അവിടെ കാത്തുനിന്ന അരുണും കൂട്ടാളിയും ചേർന്ന് ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് പപ്പുവിനെ അടിച്ചുകൊല്ലുകയുമായിരുന്നു. തുടർന്ന് മൃതദേഹം കാറിൽ കൊണ്ടുപോയി ഹൈവേയിലെ പാലത്തിനടിയിൽ തള്ളി. പ്രതികളിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ബാറ്റും കാറും മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു.



