ന്യൂദൽഹി- കേരളത്തിൽ ആരാണ് മുഖ്യമന്ത്രിയെന്ന് നാളെ പ്രഖ്യാപിക്കും. ഈ മാസം 14ന് സത്യപ്രതിജ്ഞ നടക്കും. കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെയാണ് നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
മൂന്നു പേരുമായി നേരത്തെ കോൺഗ്രസ് ഹൈക്കമാന്റ് ചർച്ച നടത്തിയിരുന്നു. മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ കെ.മുരളീധരൻ, കെ.സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം സുധീരൻ എന്നിവരുമായി ഹൈക്കമാന്റ് നാളെ ചർച്ച നടത്തും. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി അനിൽകുമാർ എന്നിവരുമായും നാളെ ഹൈക്കമാന്റ് ചർച്ച നടത്തും. എല്ലാവരോടും നാളെ ദൽഹിയിലേക്കെത്താൻ ഹൈക്കമാന്റ് നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിൽ പുറത്തുവരുന്ന സൂചനകൾ അനുസരിച്ച് കെ.സി വേണുഗോപാലിനെയായിരിക്കും മുഖ്യമന്ത്രിയായി ഹൈക്കമാന്റ് പ്രഖ്യാപിക്കുക. ഇക്കാര്യം വി.ഡി സതീശനെ ബോധ്യപ്പെടുത്താനാകുമെന്നും ഹൈക്കമാന്റ് കരുതുന്നു. കൂടുതൽ എം.എൽ.എമാരുടെ പിന്തുണയുണ്ട് എന്നാണ് കെ.സി വേണുഗോപാൽ അവകാശപ്പെടുന്നത്. പ്രിയങ്ക ഗാന്ധിയുടെ പിന്തുണ വി.ഡി സതീശനാണെന്നും വാർത്തകളുണ്ടായിരുന്നു.



