ഇറ്റാനഗർ- കുട്ടികളെ കടത്തുന്ന വൻ സംഘത്തെ അരുണാചലിൽനിന്ന് പോലീസ് പിടികൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 19 കുട്ടികളെ രക്ഷപ്പെടുത്തിയ പോലീസ് ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഗുമ്ന്യ കൊച്ചുംഗ്, മാർത്തേ എതെ, നേഹ ഗെറോറി എന്നിവരാണ് അറസ്റ്റിലായവർ. നാംസായി ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) നൽകിയ പരാതിയെത്തുടർന്നാണ് സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. അരുണാചൽ പ്രദേശിലെ മേചുക, ആലോ, പാസിഘട്ട്, നഹർലാ, ഇറ്റാനഗർ, ലോംഗ്ഡിംഗ് എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. 10,000 രൂപ മുതൽ 50,000 രൂപ വരെ നൽകിയാണ് സംഘം കുട്ടികളെ വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.
അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഞങ്ങൾ 19 കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും ബാലക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എസ്.പി സാംഗേ തിൻലെ പറഞ്ഞു. രക്ഷപ്പെടുത്തിയ കുട്ടികളിൽ ഭൂരിഭാഗവും എട്ട് വയസ്സിന് താഴെയുള്ളവരാണെന്നും ഏറ്റവും ഇളയ കുട്ടിക്ക് മൂന്ന് വയസ്സ് മാത്രമാണ് പ്രായമെന്നും തിൻലെ കൂട്ടിച്ചേർത്തു. കേസിനെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.
കുട്ടികളെ വീട്ടുജോലിക്കാർ ആയോ ഹോട്ടലുകളിലോ ജോലി ചെയ്യിപ്പിച്ചിരുന്നതായാണ് വിവരം.
അരുണാചൽ പ്രദേശിൽ തൊഴിലാളികളുടെ ക്ഷാമമുണ്ടെന്നും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വീട്ടുജോലികൾ എന്നിവയ്ക്ക് വൻ ഡിമാൻഡാണെന്നും കുട്ടികളുടെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും പ്രവർത്തിക്കുന്ന ഒരു പ്രവർത്തകൻ പറഞ്ഞു. ഇടനിലക്കാർ ഈ ഡിമാൻഡ് മനസ്സിലാക്കി കടത്തുസംഘത്തിന് വേണ്ടി പ്രവർത്തിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഇവർ കുട്ടികളെ കൊണ്ടുപോകുന്നത്. പലപ്പോഴും കുട്ടികളെ കാണാതാകുന്നതോടെ പരാതി നൽകുമെങ്കിലും ഇവർ പിന്നീട് തിരികെ വീട്ടിലെത്താറില്ല.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെയാണ് ബാലക്കടത്തുകാർ പലപ്പോഴും ലക്ഷ്യമിടുന്നതെന്ന് ഓൾ ടീ ട്രൈബ്സ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ATTSA) നേതാവ് പറഞ്ഞു. കടത്തപ്പെട്ട കുട്ടികളിൽ ഭൂരിഭാഗവും അസമിലെ തോട്ടം മേഖലകളിൽ നിന്നുള്ളവരാണ്. മിക്കപ്പോഴും വീട്ടുജോലികൾക്കായാണ് ഇവരെ അരുണാചൽ പ്രദേശിലേക്ക് കൊണ്ടുപോകാറുള്ളത്.
2024-ൽ 8 ബാലക്കടത്ത് കേസുകൾ
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) ‘ക്രൈം ഇൻ ഇന്ത്യ 2024’ റിപ്പോർട്ട് അനുസരിച്ച്, 2024-ൽ അരുണാചൽ പ്രദേശിൽ 66 ഇരകൾ ഉൾപ്പെട്ട എട്ട് മനുഷ്യക്കടത്ത് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 66 ഇരകളും ലൈംഗിക ചൂഷണത്തിനായാണ് കടത്തപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ 52 പേരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ആർക്കും ശിക്ഷ ലഭിച്ചതായി റിപ്പോർട്ടില്ല. 38 ഇരകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.







