ന്യൂഡല്‍ഹി– ചൂതാട്ടത്തെക്കുറിച്ചുള്ള ആശങ്കയും രാജ്യത്തെ യുവാക്കള്‍ നേരിടുന്ന അപകട സാധ്യതയും ചൂണ്ടിക്കാട്ടി നിരോധിക്കണമെന്ന് സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം തേടി സുപ്രീംകോടതി. സാമൂഹിക പ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമായ ഡോ. കെ.എ പോള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം തേടിയത്. ജസ്റ്റിസ് സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ബെറ്റിങ് ആപ്പുകളുടെ സ്വാധീനം കാരണം മക്കളെ നഷ്ടപ്പെട്ട ദശലക്ഷണക്കിന് മാതാപിതാക്കളെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്ന് പോള്‍ കോടതിയില്‍ അവകാശപ്പെട്ടു.
ക്രിക്കറ്റ് താരങ്ങള്‍, സിനിമ താരങ്ങള്‍, ഇന്‍ഫ്‌ളുവന്‍സേര്‍സ് ഉള്‍പ്പെടെ ഇത്തരം ആപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നത് യുവാക്കള്‍ ഇവയിലേക്ക് ആകര്‍ഷിക്കുപ്പെടാന്‍ കാരണമാകുന്നുവെന്ന് ഹരജിക്കാരന്‍ ആരോപിച്ചു. 25ലധികം ബോളിവുഡ്, ടോളിവുഡ് താരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കോടതിയില്‍ ഹരജിക്കാരന്‍ അറിയിച്ചു.
ബെറ്റിങ് ആപ്പ് മൂലം തെലങ്കാനയില്‍ മാത്രം 1023 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന തരത്തില്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ വഴി നിയമവിരുദ്ധമായി ജനങ്ങളെ കുടുക്കുകയാണെന്നും പോള്‍ ആരോപിച്ചു. വിഷയത്തിന്റെ ഗൗരവം കോടതിക്ക് മനസ്സിലാക്കി എന്നാല്‍ നിയമം നടപ്പിലാക്കുന്നതിലൂടെ മാത്രം ഇവയെ തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.