ദുബൈ– ഏഷ്യാകപ്പ് ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെന്റിന് നാളെ (സെപ്റ്റംബർ 9) യു.എ.ഇയിൽ തുടക്കമാകും. ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഹോങ്കോങിനെ നേരിടും. മറ്റന്നാൾ (സെപ്റ്റംബർ 10) ആതിഥേയരായ യു.എ.ഇയോടാണ് ഇന്ത്യയുടെ ആദ്യ പോര്. ദുബൈയിലും അബുദാബിയിലുമായി നടക്കുന്ന ഈ ടൂർണമെന്റിൽ യു.എ.ഇ, ഒമാൻ ഉൾപ്പെടെ എട്ട് ടീമുകൾ മാറ്റുരയ്ക്കും.
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ദുബൈയിൽ തീവ്ര പരിശീലനത്തിലാണ്. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഇടംനേടിയാൽ ഓപ്പണിങ് ബാറ്ററായി കളിച്ചേക്കും. യു.എ.ഇയുമായുള്ള മത്സരത്തിൽ മറ്റൊരു മലയാളി, യു.എ.ഇ താരം അലിഷാൻ ഷറഫു, കളത്തിൽ ഉണ്ടാകും. ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം സെപ്റ്റംബർ 14-ന് ദുബൈയിൽ നടക്കും.
യു.എ.ഇയിലെ ഉയർന്ന താപനില കളിക്കാർക്ക് വെല്ലുവിളിയാകുമെങ്കിലും, മത്സര സമയം വൈകിട്ട് 6:30-ന് (ഇന്ത്യൻ സമയം രാത്രി 8:00) ആരംഭിക്കുന്നതിനാൽ ആശ്വാസമുണ്ട്. ദുബൈയും അബുദാബിയും വേദിയാകുന്ന ഈ ട്വൻ്റി 20 ടൂർണമെന്റ് ആവേശകരമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കും.