ന്യൂഡൽഹി – ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിച്ച് മത്സരിക്കുമെന്നും യു.പിയിൽ കോൺഗ്രസുമായി പാർട്ടി സീറ്റ് ധാരണയിൽ എത്തിയതായും സമാജ് വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു.
രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയിലെയും റായ്ബറേലിയിലെയും സ്വീകരണത്തിൽ പങ്കെടുക്കാനായില്ലെങ്കിലും കോൺഗ്രസുമായോ രാഹുൽ ഗാന്ധിയുമായോ തർക്കമൊന്നുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസ്-എസ്.പി സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി ഇരുപാർട്ടികളും സംയുക്ത വാർത്താസമ്മേളനം നടത്തുമെന്നും സൂചനയുണ്ട്. 28 സീറ്റുകൾ ആവശ്യപ്പെട്ട കോൺഗ്രസിന് എസ്.പി 19 സീറ്റുകൾ നല്കുമെന്നാണ് ഒരു റിപോർട്ടിലുള്ളത്. കഴിഞ്ഞ തവണ സോണിയാ ഗാന്ധി മത്സരിച്ച റായ്ബറേലിയിലെ ഒരൊറ്റ സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാൻ സാധിച്ചിരുന്നത്.
എന്നാൽ 80 അംഗ ലോകസഭാ സീറ്റിൽ അഖിലേഷ് യാദവിന്റെ എസ്.പി 62 സീറ്റിലും 17 സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ ചന്ദ്രശേഖർ ആസാദിന്റെ ആസാദ് പാർട്ടിയും മത്സരിക്കുമെന്ന് എൻ.ഡി.ടി.വി റിപോർട്ട് ചെയ്തു. കോൺഗ്രസ് പ്രാദേശിക നേതൃത്വവുമായി അഖിലേഷ് യാദവ് സീറ്റ് വിഷയം ചർച്ച ചെയ്ത് ധാരണയിൽ എത്തിയെന്നും ഇനി കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ സിഗ്നൽ ലഭിച്ചാൽ സംയുക്ത വാർത്താസമ്മേളനവും തുടർന്ന് കൂട്ടായ പ്രവർത്തനവുമായി സഖ്യം മുന്നേറുമെന്നും കോൺഗ്രസ് വൃത്തങ്ങളും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി മത്സരിക്കുന്ന വാരാണസി അടക്കം ചില സീറ്റുകൾ ഇരുപക്ഷവും പരസ്പരം വെച്ചുമാറി മത്സരം കൊഴുപ്പിക്കാനും ധാരാണയായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group