ന്യൂഡല്‍ഹി– അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 15 ശതമാനമായി വെട്ടിക്കുറക്കാനൊരുങ്ങി എയര്‍ ഇന്ത്യ. ജൂണ്‍ 20ന് മുമ്പായി നടപ്പില്‍ വരുത്തുന്ന തീരുമാനം ജൂലൈ പകുതി വരെയെങ്കിലും തുടരുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ സ്ഥിരത കൈവരിക്കുന്നതിനും യാത്രക്കാരുടെ തടസ്സങ്ങള്‍ പരമാവധി ഒഴിവാക്കാനും കാര്യക്ഷമതയും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. അന്താരാഷ്ട്ര സര്‍വീസുകളില്‍ നിന്ന് വൈഡ് ബോഡി വിമാനങ്ങളുടെ എണ്ണമാണ് എയര്‍ ഇന്ത്യ കുറക്കാന്‍ തീരുമാനിച്ചത്.
നിയന്ത്രണങ്ങള്‍ മൂലം ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരോട് ക്ഷമാപണം നടത്തിയ അധികൃതര്‍ അവര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കി നല്‍കുമെന്നും അറിയിച്ചു. ചാര്‍ജുകള്‍ ഈടാക്കാതെ യാത്ര പുനര്‍ ക്രമീകരിക്കാനോ റീഫണ്ട് ചെയ്യാനോ ഉള്ള അവസരവും നല്‍കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. അഹമ്മദാബാദ് വിമാനപകടത്തില്‍ ദുംഖാചരണം തുടരുന്നതിനിടയാണ് എയര്‍ ഇന്ത്യ പുതിയ തീരുമാനം അറിയിച്ചത്. നിര്‍ബന്ധിത സുരക്ഷാ പരിശോധനകള്‍, വ്യോമാതിര്‍ത്തി കര്‍ഫ്യൂ, ഇസ്രായില്‍-ഇറാന് സംഘര്‍ഷം, സാങ്കേതിക പ്രശ്നങ്ങള്‍ എന്നിവ മുന്‍ നിര്‍ത്തിയാണ് നടപടി. അഹമ്മദാബാദ് വിമാനപകടത്തിനു ശേഷം ആറ് ദിവസത്തിനിടെ 83 അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്.