ഹൈദരാബാദ്: ഹൈദരാബാദിൽ എ.ഐ.എം.ഐ.എം (AIMIM) പ്രാദേശിക നേതാവിനെ അജ്ഞാത സംഘം കുത്തിക്കൊലപ്പെടുത്തി. എ.ഐ.എം.ഐ.എം ഏരിയ പ്രസിഡന്റായ മഹ്ബൂബ് അലിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെ വട്ടപ്പള്ളിയിലെ ഗുന്തൽ ഷാ ബാബ ദർഗയ്ക്ക് സമീപത്തുവെച്ചായിരുന്നു ആക്രമണം.
അഞ്ചോ ആറോ പേർ അടങ്ങുന്ന സംഘമാണ് അലിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും പരിശോധിച്ചു വരികയാണ്. പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കൊലപാതകത്തിൽ ഉപയോഗിച്ച ആയുധങ്ങളും ഒന്നിലധികം പേരുടെ പങ്കാളിത്തവും പഴയ നഗരപ്രദേശത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ മാസം ഇതുവരെ ഈ മേഖലയിൽ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്.







