ന്യൂഡൽഹി– ഇന്ത്യയുടെ ആണവായുധ വാഹകശേഷിയുള്ള അഗ്നി-5 ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒഡിഷയിലെ ചന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) ഓഗസ്റ്റ് 20ന് നടന്ന പരീക്ഷണം സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ മേൽനോട്ടത്തിലായിരുന്നു. മിസൈലിന്റെ എല്ലാ സാങ്കേതിക, പ്രവർത്തന പരിശോധനകളും വിജയകരമായി പൂർത്തിയാക്കി.
ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) വികസിപ്പിച്ച അഗ്നി-5, 5,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഏറ്റവും നൂതന ദീർഘദൂര മിസൈലുകളിൽ ഒന്നാണ്. ആധുനിക നാവിഗേഷൻ, ഗൈഡൻസ്, വാർഹെഡ്, പ്രൊപ്പൽഷൻ സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ച ഈ മിസൈൽ, ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേസമയം ഭേദിക്കാൻ ശേഷിയുള്ള (MIRV) ഭൂതല-ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് (ICBM). 2024 മാർച്ചിൽ നടന്ന മിഷൻ ദിവ്യാസ്ത്രയിൽ മൂന്ന് ആണവ വാർഹെഡുകൾ വഹിക്കാനുള്ള ശേഷി തെളിയിച്ചിരുന്നു.
അഗ്നി-5ന്റെ ദൂരപരിധി 5,000 കിലോമീറ്ററാണെങ്കിലും, ഭാരം കുറഞ്ഞ സംയുക്ത വസ്തുക്കൾ ഉപയോഗിച്ച് 7,500 കിലോമീറ്റർ വരെ വിപുലീകരിക്കാൻ കഴിയുമെന്ന് ഡിആർഡിഒ അവകാശപ്പെടുന്നു. ബങ്കർ-ബസ്റ്റർ സാങ്കേതികവിദ്യയോടെ, ഉറപ്പുള്ള ലക്ഷ്യങ്ങൾ തകർക്കാനുള്ള കഴിവും ഇതിനുണ്ട്.
ചൈനയ്ക്കെതിരെ ഇന്ത്യയുടെ ആണവ പ്രതിരോധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അഗ്നി-5 വികസിപ്പിച്ചത്. മുൻപ് 3,500 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-3 ആയിരുന്നു ഇന്ത്യയുടെ ഏറ്റവും ദൂരപരിധിയുള്ള മിസൈൽ. ഇത് മധ്യ ഇന്ത്യയിൽനിന്ന് വിക്ഷേപിച്ചാൽ ചൈനയുടെ വടക്കുകിഴക്കൻ, കിഴക്കൻ മേഖലകളിലെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങൾ ലക്ഷ്യമിടാൻ പര്യാപ്തമല്ലായിരുന്നു. അഗ്നി-5ന്റെ വരവോടെ ബീജിങ് ഉൾപ്പെടെയുള്ള ചൈനയുടെ പ്രധാന നഗരങ്ങൾ, മുഴുവൻ ആഫ്രിക്ക, യൂറോപ്പിന്റെ പകുതി ഭാഗം എന്നിവ മിസൈലിന്റെ പരിധിയിൽ വരുന്നു
ഇന്ത്യയുടെ പുതിയ പരീക്ഷണം പാകിസ്‌താനിലും കടുത്ത ആശങ്ക ഉയർത്തിയിട്ടുണ്ട്. പാകിസ്‌താൻ്റെ സ്ട്രാറ്റജിക് വിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എസ്‌വിഐ) ഇന്ത്യയുടെ മിസൈൽ പദ്ധതി പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും അറിയിച്ചതായാണ് റിപ്പോർട്ട്. 2016 മുതൽ ഇന്ത്യയുടെ മിസൈൽ വികസനം വേഗത്തിലായെന്നും എസ്‌വിഐ ചൂണ്ടിക്കാട്ടി. ഭാവിയിൽ 8,000 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുള്ള മിസൈലുകൾ വരുന്നതോടെ, യുഎസ്എ, റഷ്യ വരെ ലക്ഷ്യമിടാൻ ഇന്ത്യക്ക് കഴിഞ്ഞേക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി