തിരുവനന്തപുരം – ആധാർ സേവനങ്ങളെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം വളർത്തുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുതിയ ഔദ്യോഗിക മാസ്കോട്ട് ‘ഉദയ്’ പുറത്തിറക്കി. തൃശൂർ സ്വദേശിയായ അരുൺ ഗോകുലാണ് മാസ്കോട്ട് രൂപകൽപന ചെയ്തത്. ആധാർ അപ്ഡേറ്റുകൾ, സുരക്ഷിതമായ ഉപയോഗം, പുതിയ സാങ്കേതികവിദ്യകൾ തുടങ്ങിയ കാര്യങ്ങൾ ലളിതമായി ജനങ്ങളിലേക്ക് എത്തിക്കാൻ ഇനി ‘ഉദയ്’ മുന്നിലുണ്ടാകും.
‘മൈഗവ്’ പ്ലാറ്റ്‌ഫോം വഴി ദേശീയതലത്തിൽ സംഘടിപ്പിച്ച മത്സരത്തിലൂടെയാണ് മാസ്കോട്ടിനെയും പേരിനെയും തിരഞ്ഞെടുത്തത്. രാജ്യത്തുടനീളമുള്ള ഡിസൈനർമാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നുമായി 875 എൻട്രികളാണ് ലഭിച്ചത്. മാസ്കോട്ട് ഡിസൈൻ മത്സരത്തിൽ അരുൺ ഗോകുൽ ഒന്നാം സ്ഥാനം നേടിയപ്പോൾ, പേരിടാനുള്ള മത്സരത്തിൽ ഭോപ്പാൽ സ്വദേശിനി റിയ ജെയിൻ ഒന്നാമതെത്തി. ആധാറുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ കൂടുതൽ ജനകീയമാക്കാൻ പുതിയ മാസ്കോട്ട് സഹായിക്കുമെന്ന് യുഐഡിഎഐ അറിയിച്ചു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ യുഐഡിഎഐ ചെയര്‍മാന്‍ നീലകണ്ഠ് മിശ്രയാണ് ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്തത്. ആധാര്‍ സേവനങ്ങളെക്കുറിച്ച് ലളിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എളുപ്പത്തില്‍ വിശദീകരിക്കുന്നതിനുമുള്ള യുഐഡിഎഐയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ മറ്റൊരു സുപ്രധാന ഘട്ടമാണ് ചിഹ്നത്തിലുടെ സാധ്യമാകുന്നതെന്നും യുഐഡിഎഐ ചെയര്‍മാന്‍ പറഞ്ഞു.



