ന്യൂഡൽഹി-ഡൽഹി ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടെ മൂന്ന് വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ പോലീസ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇന്നലെ ജന്തർ മന്തറിൽ നടന്ന രാഷ്ട്രീയ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് സംഭവം നടന്നത്.
ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജിക്കായുള്ള പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവർത്തകരാണ് പരാതി നൽകിയത്. ഡൽഹി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ വിവേക് ഭഗത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തങ്ങളെ ലൈംഗികമായി ഉപദ്രവിക്കുകയും മോശമായി സ്പർശിക്കുകയും ചെയ്തുവെന്നാണ് വനിതാ മാധ്യമപ്രവർത്തകരുടെ പരാതി. സമരക്കാരെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് അതിക്രമമുണ്ടായതെന്ന് മാധ്യമപ്രവർത്തകർ വ്യക്തമാക്കി.
കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലീസ് ആദ്യം വിസമ്മതിച്ചതിനെ തുടർന്ന് സ്വതന്ത്ര മാധ്യമപ്രവർത്തകരും ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു.







