ന്യൂദൽഹി: ഒമാൻ തീരത്ത് തുടർച്ചയായ ദിവസങ്ങളിൽ ഇന്ത്യൻ ജീവനക്കാരുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തെ തുടർന്ന് ന്യൂദൽഹിയിലെ യു.എസ് ചാർജ് ദെ അഫയേഴ്സ് ജേസൺ മീക്സിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചു വരുത്തി ഔദ്യോഗികമായി പ്രതിഷേധക്കുറിപ്പ് കൈമാറി. സൗത്ത് ബ്ലോക്കിൽ നടന്ന 30 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിലാണ് ഇന്ത്യ തങ്ങളുടെ കടുത്ത ആശങ്കയും വിയോജിപ്പും യു.എസിനെ അറിയിച്ചത്.
രണ്ടു ദിവസത്തിനിടെ ഇന്ത്യൻ ജീവനക്കാരുള്ള രണ്ട് കപ്പലുകൾക്ക് നേരെയാണ് യു.എസ് സൈന്യം ആക്രമണം നടത്തിയത്.
ജൂൺ എട്ടിന് നടന്ന ആദ്യ ആക്രമണത്തിൽ ‘എം.ടി മാരിവെക്സ്’ എന്ന കപ്പലാണ് തകർത്തത്. ഈ കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരെയും ഒമാൻ അധികൃതർ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു.
ജൂൺ 9ന് സെറ്റെബെല്ലോ’ എന്ന വാണിജ്യ കപ്പലിന് നേരെ യു.എസ് യുദ്ധവിമാനങ്ങൾ വീണ്ടും ആക്രമണം നടത്തി. ആകെ 28 പേരുണ്ടായിരുന്ന ഈ കപ്പലിൽ 24 പേരും ഇന്ത്യക്കാരായിരുന്നു. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിക്കുകയും, ഒമാൻ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു. എന്നാൽ മൂന്നു ഇന്ത്യൻ ജീവനക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ ഒമാൻ തീരത്ത് ഊർജിതമായി തുടരുകയാണ്.
അമേരിക്കൻ ഉപരോധം ലംഘിച്ച് ഹോർമുസ് കടലിടുക്കിലൂടെ ഇറാൻ തുറമുഖത്തേക്ക് പോകാൻ ശ്രമിച്ചതിനാണ് കപ്പലുകൾക്ക് നേരെ യു.എസ് സൈന്യം ആക്രമണം നടത്തിയത്. യു.എസ് സേനയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ഒമാൻ ജലാതിർത്തിയിലൂടെ ഇറാൻ ലക്ഷ്യമാക്കി നീങ്ങിയതോടെയാണ് കപ്പലുകൾക്ക് നേരെ വ്യോമാക്രമണമുണ്ടായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ പൂർണ്ണമായി അപലപിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, മസ്കറ്റിലെ ഇന്ത്യൻ എംബസി വഴി ഒമാൻ അധികൃതരുമായി നിരന്തരം ഏകോപനം നടത്തി വരികയാണെന്നും കാണാതായ മൂന്ന് ഇന്ത്യക്കാർക്കായുള്ള തിരച്ചിൽ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അറിയിച്ചു.
അതേസമയം, ഒമാൻ തീരത്ത് ആക്രമണത്തിനിരയായ വാണിജ്യ കപ്പലിൽ നിന്ന് മൂന്ന് ഇന്ത്യൻ ജീവനക്കാരെ കാണാതായതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന 21 പേരെ രക്ഷപ്പെടുത്തിയെന്നും ഇന്ത്യ അറിയിച്ചു.



