ദുബൈ: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ച് ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി അക്കാദമിക് സ്റ്റെല്ലാർ അവാർഡ് സമ്മാനിച്ചു. വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ നേട്ടങ്ങളെ സമൂഹം അംഗീകരിക്കുകയും ചെയ്യുക എന്നത് നമ്മുടെ ബാധ്യത ആണെന്നും വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾ സമൂഹത്തിന്റെ പ്രത്യാശയും അഭിമാനവുമാണെന്ന് ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറിയും പ്രമുഖ വ്യവസായിയുമായ യഹ്യ തളങ്കര വ്യക്തമാക്കി. സമർപ്പിതമായ പരിശ്രമവും ഉറച്ച ലക്ഷ്യബോധവുമാണ് ഇത്തരം നേട്ടങ്ങൾക്ക് പിന്നിലെ ശക്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിജയം വെറും മാർക്കുകളിലൊതുങ്ങുന്നതല്ല. അത് വിദ്യാർത്ഥികളുടെ കഠിനാധ്വാനം, ആത്മവിശ്വാസം, സമയനിയന്ത്രണം, സ്ഥിരത എന്നിവയുടെ സമന്വയഫലമാണെന്നും യഹ്യ തളങ്കര ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ പ്രോത്സാഹനവും അധ്യാപകരുടെ ആത്മാർത്ഥമായ മാർഗ്ഗനിർദ്ദേശവും ഇല്ലാതെ ഇത്തരം നേട്ടങ്ങൾ സാധ്യമാകില്ലെന്നും കൂട്ടിച്ചേർത്തു. മികവ് തെളിയിക്കുന്ന ഇത്തരം വിദ്യാർത്ഥികൾ മറ്റ് കുട്ടികൾക്ക് പ്രചോദനമാവുകയും വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന് വഴിതെളിയിക്കുകയും ചെയ്യുന്നുവെന്ന് തളങ്കര പറഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം നല്ല മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്വവും വളർത്തിയെടുക്കുന്ന തലമുറയാകാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ രംഗത്തിന് നൽകുന്ന പ്രാധാന്യം ഏറെ ശ്രദ്ധേയമാണെന്നും, വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾ സംഘടിപ്പിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ മുഹമ്മദ് ഷാദ്, ഷാസിന് മുഹമ്മദ് ,അബ്ദുറഹ്മാൻ ശദാദ് കോളിയാട്, അഹ്മദ് ഖൽഫാൻ കുളത്തിങ്കാൽ, ഷിറിൻ ഫാത്തിമ ഷെസ ഫാത്തിമ എന്നിവർക്കു അക്കാദമിക് സ്റ്റെല്ലാർ അവാർഡ് സമ്മാനിച്ചു.
രക്ഷിതാക്കളും അധ്യാപകരും കെ.എം.സി.സി നേതാക്കളും സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനൊപ്പം അവരുടെ ഭാവി മുന്നേറ്റങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന വേദിയായും പരിപാടി മാറി ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, യുഡിഎഫ് കൺവീനർ, പുന്നക്കൽ മുഹമ്മദ് അലി, കെ എം സി സി നേതക്കളായ അബ്ദുള്ള ആറങ്ങാടി, അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ ജില്ലാ ഭാരവാഹികളായ സലാം തട്ടാംചേരി, സി എച് നൂറുദ്ദീൻ , ഇസ്മായിൽ നാലാം വാതുക്കൽ കെ പി അബ്ബാസ് കളനാട് ഹസ്സൈനാർ ബിജന്തടുക്ക, സുബൈർ അബ്ദുള്ള പി പി റഫീഖ് പടന്ന ഹനീഫ ബാവ, ഫൈസൽ മൊഹ്സിൻ, ബഷീർ പാറപള്ളി, സുബൈർ കുബനൂർ സിദ്ദീഖ് ചൗക്കി, റഫീഖ് കടങ്കോട് ആസിഫ് ഹൊസ്സങ്കടി മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ ഇബ്രാഹിം ബേരിക റഫീഖ് മാങ്ങാട് കാലിദ് പാലക്കി, റാശിദ് പടന്ന സൈഫുദീൻ മൊഗ്രാൽ ഉപ്പി കല്ലങ്ങയ് മൻസൂർ മർത്യ നംഷാദ് പൊവ്വൽ ബിസ്സിനെസ്സ് പ്രമുഖരായ ഹനീഫ് മരവായിൽ മുജീബ് മെട്രോ ബഷീർ കല സാഹിർ മാഹിൻ കല്ലട്ര എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.ഡി. നൂറുദ്ദീൻ നന്ദി പറഞ്ഞു.



