റിയാദ് – റിയാദിലും മക്കയിലും ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. റിയാദിലേക്ക് തൊടുത്തുവിട്ട ഡ്രോണും മക്ക അടങ്ങിയ പശ്ചിമ സൗദിയിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലും ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ക്കുകയായിരുന്നു. രണ്ട് സംഭവങ്ങളിലും ആളപായമോ പരിക്കോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മക്കയില്‍ ആക്രമണ ഭീഷണിയുള്ളതായി നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അപകട ഭീഷണി നീങ്ങിപ്പോയതായി സിവില്‍ ഡിഫന്‍സ് പിന്നീട് അറിയിച്ചു. ജിദ്ദ നിവാസികളുടെ ഫോണുകളിലും അപകട ഭീഷണിയെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചു.
മിസൈലുകളും ഡ്രോളും ഡ്രോണുകളും തടഞ്ഞ് തകര്‍ക്കാനുള്ള ഓപ്പറേഷനുകളെ കുറിച്ചോ അവ പതിക്കുന്ന സ്ഥലങ്ങളെ കുറിച്ചോ ബന്ധപ്പെട്ട ഫോട്ടോ എടുക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും എതിരെ സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്കി. ഇത്തരം വിവരങ്ങള്‍ പങ്കിടുന്നത് നിരോധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് നിയമലംഘകരെ നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാക്കുമെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.



