അബുദാബി- ഏപ്രിൽ ആദ്യവാരത്തിൽ യു.എ.ഇ ഇറാനെതിരെ ആക്രമണം നടത്തിയതായി പ്രമുഖ അമേരിക്കൻ പത്രമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, രാജ്യം സ്വീകരിച്ച എല്ലാ നടപടികളും തങ്ങളുടെ പരമാധികാരം, സാധാരണക്കാർ, സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രതിരോധ നടപടികളുടെ ഭാഗം മാത്രമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. പത്രറിപ്പോർട്ടിൽ പറയുന്ന ഇറാനെതിരായ ആക്രമണങ്ങളെക്കുറിച്ച് യു.എ.ഇ മന്ത്രാലയം തങ്ങളുടെ പ്രസ്താവനയിൽ നേരിട്ട് പരാമർശിച്ചിട്ടില്ല. ഇതോടൊപ്പം, ഇറാൻ യുദ്ധത്തിനിടെ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രഹസ്യമായി യു.എ.ഇ സന്ദർശിച്ചതായും അബുദാബിയിൽ അദ്ദേഹത്തിന് രാജോചിത സ്വീകരണം ലഭിച്ചതായും ഇസ്രായിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തിയെങ്കിലും യു.എ.ഇ വിദേശകാര്യ മന്ത്രാലയം ഈ സന്ദർശനം നിഷേധിച്ചു. യു.എ.ഇയിൽ ഇസ്രായിൽ സൈനിക യൂണിറ്റിനെ വിന്യസിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രായിലുമായി നയതന്ത്രബന്ധമുള്ള യു.എ.ഇക്ക് നേരെയാണ് യുദ്ധത്തിനിടെ ഇറാൻ ഏറ്റവും കൂടുതൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയത്.
ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ബിൻ ശാഹീൻ അൽമറർ, തങ്ങൾക്കും മറ്റ് സൗഹൃദ രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ഭീകരാക്രമണങ്ങളെ ന്യായീകരിക്കാനുള്ള ശ്രമങ്ങളെ ശക്തമായി തള്ളിപ്പറഞ്ഞു. ഇറാന്റെ ആക്രമണങ്ങൾ യു.എൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അയൽപക്ക ബന്ധങ്ങളുടെയും നഗ്നമായ ലംഘനമാണ്. രാജ്യത്തിന്റെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും ചോദ്യം ചെയ്യുന്ന എല്ലാ ഭീഷണികളെയും യു.എ.ഇ നിരാകരിക്കുന്നു. ഭീഷണികളെ നേരിടാൻ ആവശ്യമായ എല്ലാ നിയമപരവും സൈനികവും നയതന്ത്രപരവുമായ അവകാശങ്ങൾ യു.എ.ഇക്കുണ്ട്. ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദങ്ങളോ പക്ഷപാതപരമായ പ്രചാരണങ്ങളോ രാജ്യത്തിന്റെ ഉറച്ച നിലപാടുകളെ ദുർബലപ്പെടുത്തില്ലെന്നും പരമാധികാരവും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ നിന്ന് രാജ്യത്തെ തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2026 ഫെബ്രുവരി 28 മുതൽ യു.എ.ഇക്ക് നേരെ ഇറാൻ ആവർത്തിച്ച് ഭീകരാക്രമണങ്ങൾ നടത്തുന്നുണ്ട്. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഉണ്ടായ മൂവായിരത്തോളം ആക്രമണങ്ങളെയാണ് യു.എ.ഇ വ്യോമ പ്രതിരോധ സംവിധാനം നേരിട്ടത്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, എണ്ണ വ്യവസായ കേന്ദ്രങ്ങൾ, കുടിവെള്ള പ്ലാന്റുകൾ, പവർ ഗ്രിഡുകൾ, റെസിഡൻഷ്യൽ മേഖലകൾ തുടങ്ങിയ സിവിലിയൻ-സുപ്രധാന സൗകര്യങ്ങളെയാണ് ഇറാൻ ബോധപൂർവ്വം ലക്ഷ്യമിട്ടത്. ആഗോളതലത്തിൽ ശക്തമായ അപലപനങ്ങൾ ഉണ്ടായിട്ടും ഇറാൻ ആക്രമണങ്ങൾ തുടർന്നു. ഇറാൻ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് 136 രാജ്യങ്ങൾ ഒപ്പുവെച്ച യു.എൻ രക്ഷാസമിതി പ്രമേയം 2817 (2026), 2026 മാർച്ച് 25-ന് ജനീവയിൽ അംഗീകരിച്ച യു.എൻ മനുഷ്യാവകാശ കൗൺസിൽ പ്രമേയം എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര തീരുമാനങ്ങളെ ഇറാൻ പൂർണ്ണമായി അവഗണിച്ചു. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാണെന്ന് നൂറിലധികം രാജ്യങ്ങൾ പിന്തുണച്ച മനുഷ്യാവകാശ കൗൺസിൽ പ്രമേയം വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനും, സിവിലിയൻ വ്യോമയാന സുരക്ഷ ഉറപ്പാക്കാൻ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനും ഇറാനെതിരെ ശക്തമായ പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്.
ഇറാന്റെ ഭീകരപ്രവർത്തനങ്ങളെ അപലപിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം യു.എ.ഇക്കൊപ്പം ഉറച്ചുനിൽക്കുകയാണ്. വാണിജ്യ കപ്പലുകൾക്കും തുറമുഖങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ സമുദ്ര പരിസ്ഥിതി സംരക്ഷണ സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിവിലിയൻ ടെലികമ്മ്യൂണിക്കേഷൻ, ഐ.ടി അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ കൗൺസിലും, ഭക്ഷ്യസുരക്ഷ തകർക്കുന്ന നടപടികളെ യു.എൻ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷനും പ്രമേയങ്ങളിലൂടെ ഏകകണ്ഠമായി അപലപിച്ചു. ഇറാന്റെ ഭീകരാക്രമണങ്ങളെ ലോകം അംഗീകരിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ പ്രമേയങ്ങൾ നൽകുന്നത്. ഒപ്പം അന്താരാഷ്ട്ര നിയമപ്രകാരം സ്വന്തം പരമാധികാരം സംരക്ഷിക്കാനുള്ള യു.എ.ഇയുടെ അവകാശത്തെ ഇവ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങളിലൂടെ ഇറാൻ അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുകയാണ്. വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നതും ഹോർമുസ് കടലിടുക്കിനെ സാമ്പത്തിക ഭീഷണികൾക്കായി ഉപയോഗിക്കുന്നതും കടൽക്കൊള്ളയ്ക്ക് തുല്യമാണ്. ഇത് മേഖലയുടെ സ്ഥിരതയ്ക്കും ആഗോള ഊർജ്ജ സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. യു.എ.ഇ തങ്ങളുടെ സംരക്ഷണത്തിനായി ആരെയും ആശ്രയിക്കുന്നില്ലെന്നും ഏത് ആക്രമണത്തെയും തടയാൻ രാജ്യം പ്രാപ്തമാണെന്നും ഖലീഫ ബിൻ ശാഹീൻ അൽമറർ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 അനുസരിച്ച് പൗരന്മാർക്കും പ്രവാസികൾക്കും സംരക്ഷണം ഉറപ്പാക്കാനും പരമാധികാരം നിലനിർത്താനും യു.എ.ഇക്ക് പൂർണ്ണ അവകാശമുണ്ട്. ഈ ആക്രമണങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഇറാനാണെന്നും രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുക, ഭീകരാക്രമണങ്ങൾ അവസാനിപ്പിക്കുക, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുക എന്നിവയാണ് സുസ്ഥിരമായ സമാധാനത്തിന് ആവശ്യമെന്നും യു.എ.ഇ ഓർമ്മിപ്പിച്ചു.



