ന്യൂയോര്‍ക്ക് – യു.എ.ഇയിലെ ബറാക്ക ആണവ നിലയത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ യു.എന്‍ രക്ഷാ സമിതി അംഗങ്ങള്‍ ശക്തമായി അപലപിച്ചു. ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതുമായി ബന്ധപ്പെട്ട ഗുരുതരമായ അപകടസാധ്യതകള്‍ രക്ഷാ സമിതി എടുത്തുപറഞ്ഞു. സംഭവത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് ആഹ്വാനം ചെയ്യുന്നതില്‍ യു.എ.ഇയും രക്ഷാ സമിതി അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്നു.
ബറാക്ക ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണം റേഡിയോളജിക്കല്‍ ദോഷം വരുത്തിയില്ലെങ്കിലും, സംഭവത്തെ നിസ്സാരമായി കാണരുതെന്ന് ഐക്യരാക്ഷ്ട്രസഭയിലെ യു.എ.ഇ സ്ഥിരം പ്രതിനിധി മുഹമ്മദ് അബൂശഹാബ് യു.എന്‍ രക്ഷാ സമിതി സെഷനില്‍ പറഞ്ഞു.
ആര്‍ക്കും പരിക്കേല്‍ക്കുകയോ ആണവവികിരണം ഉണ്ടാവുകയോ ചെയ്തിട്ടില്ല. ബറാക ആണവ നിലയം സുരക്ഷിതവും സ്ഥിരതയുള്ളതും പ്രവര്‍ത്തനക്ഷമവുമായി തുടരുന്നു. യു.എ.ഇയുടെ ശുദ്ധമായ വൈദ്യുതിയുടെ 25 ശതമാനവും ബറാക നിലയമാണ്. ഈ പ്ലാന്റ് പ്രതിവര്‍ഷം 40 ടെറാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. യു.എ.ഇയിലെ വീടുകള്‍ക്കും ആശുപത്രികള്‍ക്കും വ്യവസായങ്ങള്‍ക്കും വൈദ്യുതി നല്‍കുന്നതും ബറാക നിലയമാണ്. വിനാശകരമായ പ്രത്യാഘാതങ്ങളുടെ അഭാവം ഈ ആക്രമണത്തിന്റെ ഗൗരവം കുറച്ചുകാണാന്‍ ഇടയാക്കരുതെന്ന് യു.എന്‍ രക്ഷാ സമിതിയുടെ അടിയന്തിര സെഷനില്‍ സംസാരിച്ച മുഹമ്മദ് അബൂശഹാബ് പറഞ്ഞു.
ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളും ഭീഷണികളും യു.എ.ഇയെ സംബന്ധിച്ചേടത്തോളം ചുവപ്പ് രേഖയാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് അപകടസാധ്യതകള്‍ ഉയര്‍ത്തും. സിവിലിയന്‍ സൗകര്യങ്ങളെ മനഃപൂര്‍വ്വം ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനവും സമാധാനപരമായ ആവശ്യങ്ങള്‍ക്കായി നിയുക്തമാക്കിയിരിക്കുന്ന ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഗുരുതരമായ നിയമ ലംഘനവുമാണ്. സിവിലിയന്‍ ആണവ കേന്ദ്രങ്ങള്‍ ഒരു സാഹചര്യത്തിലും ആക്രമണങ്ങളുടെ ലക്ഷ്യമോ സംഘര്‍ഷം മൂര്‍ഛിപ്പിക്കാനുള്ള മാര്‍ഗമോ ആകരുതെന്നും മുഹമ്മദ് അബൂശഹാബ് വ്യക്തമാക്കി.
ഈ ആശങ്ക പ്രതിധ്വനിപ്പിച്ചുകൊണ്ട്, മെയ് 17 ലെ സംഭവത്തെ പരാമര്‍ശിച്ച് ആണവ കേന്ദ്രങ്ങള്‍ ഒരിക്കലും ആക്രമിക്കാന്‍ പാടില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാന്‍ അംബാസഡര്‍ പറഞ്ഞു. അത്തരം അശ്രദ്ധമായ പ്രവര്‍ത്തനങ്ങള്‍ മാറ്റാനാവാത്ത സിവിലിയന്‍ ദ്രോഹത്തിനും ഗുരുതരമായ പരിസ്ഥിതി നാശത്തിനും കാരണമാകുമെന്നും ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാകുമെന്നും പാകിസ്ഥാന്‍ അംബാസഡര്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ കക്ഷികളും പിരിമുറുക്കങ്ങള്‍ കുറക്കുകയും പരമാവധി സംയമനം പാലിക്കുകയും വേണം. സംഘര്‍ഷം മൂര്‍ഛിക്കുന്നത് മേഖലക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.



