ന്യൂയോര്‍ക്ക് സിറ്റി – യു.എ.ഇയിലെ ബറാക ആണവ നിലയത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ യു.എന്‍ രക്ഷാ സമിതി കടുത്ത ഭാഷയില്‍ അപലപിച്ചു. ആണവ നിലയ സമുച്ചയത്തിലെ വൈദ്യുതി ജനറേറ്ററിന് നേരെയാണ് അതിശക്തമായ ഡ്രോണ്‍ ആക്രമണമുണ്ടായത്. മെയ് 17 ന് നടന്ന ആക്രമണം സാധാരണക്കാരുടെ ജീവിതത്തിനും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കും പരിസ്ഥിതിക്കും ഗുരുതരമായ അപകടസാധ്യതകള്‍ ഉയര്‍ത്തുന്നതായി രക്ഷാ സമിതി മുന്നറിയിപ്പ് നല്‍കി. ഇറാന്റെ പേര് പ്രത്യേകം പരാമര്‍ശിക്കാതെ, ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് എന്ന് കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.
സിവിലിയന്‍, ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ രക്ഷാ സമിതി ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. അതിശക്തമായ ഡ്രോണ്‍ ആക്രമണത്തെ രക്ഷാ സമിതി അംഗങ്ങള്‍ ഏറ്റവും ശക്തമായി അപലപിക്കുന്നു. സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ള ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളും ഭീഷണികളും അസ്വീകാര്യമാണെന്നും അവ ഉടനടി അവസാനിപ്പിക്കണമെന്നും രക്ഷാ സമിതി അംഗങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. യു.എ.ഇയിലെ സിവിലിയന്‍മാര്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരായ എല്ലാ ആക്രമണങ്ങളും ഉടനടി അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സിവിലിയന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ കുറിച്ചുള്ള ദീര്‍ഘകാല അന്താരാഷ്ട്ര ആശങ്കകള്‍ ചൂണ്ടിക്കാട്ടി രക്ഷാ സമിതി പ്രമേയങ്ങളും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ജനറല്‍ കോണ്‍ഫറന്‍സ് അംഗീകരിച്ച പ്രമേയങ്ങളും കൗണ്‍സില്‍ പരാമര്‍ശിച്ചു. യു.എ.ഇയിലെ സംഭവത്തില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുകയും ആണവ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന സൈനിക പ്രവര്‍ത്തനം അസ്വീകാര്യമാണ് എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ മരിയാനോ ഗ്രോസിയുടെ അഭിപ്രായങ്ങള്‍ രക്ഷാ സമിതി പ്രസ്താവന അംഗീകരിച്ചു.
ആണവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് പ്രധാനമാണ്. ആണവ സുരക്ഷ, സംരക്ഷണ നടപടികള്‍ എന്നിവയുടെ ഉയര്‍ന്ന നിലവാരം പുലര്‍ത്തണമെന്നും ആണവ പ്രവര്‍ത്തനങ്ങള്‍ അപകടത്തിലാക്കുന്നതോ വിശാലമായ പ്രാദേശിക അസ്ഥിരത സൃഷ്ടിക്കുന്നതോ ആയ നടപടികള്‍ ഒഴിവാക്കണമെന്നും എല്ലാ രാജ്യങ്ങളോടും കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
യു.എ.ഇയുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്റെ മേല്‍നോട്ടത്തിലും ഐ.എ.ഇ.എ സുരക്ഷാ ആവശ്യകതകള്‍ക്ക് അനുസൃതമായും ബറാക ആണവ നിലയം ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന വസ്തുതയും കൗണ്‍സില്‍ അംഗങ്ങള്‍ എടുത്തുപറഞ്ഞു. അബുദാബിയിലെ അല്‍ദഫ്ര മേഖലയിലുള്ളതും 2021 ല്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചതുമായ ബറൈക പ്ലാന്റ്, അറബ് ലോകത്തെ ആദ്യത്തെ വാണിജ്യ ആണവ നിലയവും യു.എ.ഇയുടെ ദീര്‍ഘകാല ഊര്‍ജ തന്ത്രത്തിന്റെ പ്രധാന ഭാഗവുമാണ്.



