അബുദാബി – ഇറാനെതിരായ ഒരു ആക്രമണത്തിലും പങ്കെടുക്കില്ലെന്ന് യു.എ.ഇ. മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിനിടയില്‍ രാജ്യം ന്യായീകരിക്കാത്ത ആക്രമണങ്ങള്‍ നേരിടുമ്പോഴും ഇറാനെ ആക്രമിക്കാനുള്ള ഒരു ലോഞ്ച് പോയിന്റ് ആയി തങ്ങളുടെ ഭൂപ്രദേശം ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്ത യു.എ.ഇ നിഷേധിച്ചു. ഇറാനെതിരായ സൈനിക നടപടികള്‍ക്ക് യു.എ.ഇ താവളങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും യു.എ.ഇ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ ജമാല്‍ അല്‍മുഷറഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറാനെ ആക്രമിക്കാന്‍ ഞങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കുന്നില്ല. യു.എ.ഇ ഞങ്ങളുടെ ഭൂപ്രദേശത്ത് നിന്ന് ഇറാനെതിരായ ഒരു ആക്രമണത്തിലും പങ്കെടുക്കില്ലെന്നും അത്തരമൊരു സംഘര്‍ഷത്തില്‍ ഞങ്ങള്‍ പങ്കാളികളാകില്ലെന്നും മുമ്പും നിലവിലെ സംഭവങ്ങള്‍ക്ക് മുമ്പും ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജമാല്‍ അല്‍മുഷറഖ് കൂട്ടിചേർത്തു.
അമേരിക്കയും ഇസ്രായിലും ഒരു വശത്തും ഇറാന്‍ മറുവശത്തും തമ്മിലുള്ള ഏറ്റുമുട്ടലില്‍ തീവ്രത കുറക്കാനുള്ള യു.എ.ഇയുടെ ആഹ്വാനം അല്‍മുഷറഖ് ആവര്‍ത്തിക്കുകയും ചര്‍ച്ചകളിലേക്ക് മടങ്ങാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. സംഘര്‍ഷം കുറക്കുക, പിന്നീട് സംഘര്‍ഷം കുറക്കുക, പിന്നീട് സംഘര്‍ഷം കുറക്കുക ഇതാണ് ഞങ്ങളുടെ സ്ഥിരമായ നിലപാട്. ഞങ്ങള്‍ അതിനായി വാദിക്കുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സമുദ്രജല ശുദ്ധീകരണ പ്ലാന്റുകളും ഊര്‍ജ സൗകര്യങ്ങളും ഉള്‍പ്പെടെ യു.എ.ഇയിലെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്‍ ആക്രമണങ്ങള്‍ ആശങ്കാജനകവും അസ്വീകാര്യവുമാണ്. ഈ സുപ്രധാന സ്ഥലങ്ങളെ സംരക്ഷിക്കാന്‍ രാജ്യം പൂര്‍ണ്ണമായും സുസജ്ജമാണ്. യു.എ.ഇക്കും അയല്‍ രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ നല്ല അയല്‍പക്കത്തിന്റെ തത്വങ്ങള്‍ ലംഘിക്കുകയും സമാധാനപരമായ പരിഹാരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. എന്നിരുന്നാലും, ന്യായീകരിക്കാനാകാത്ത നിലക്ക് രാജ്യത്തെ ലക്ഷ്യം വെച്ചിട്ടും ഇറാനെതിരെ ആക്രമണം നടത്താന്‍ യു.എ.ഇയുടെ താവളങ്ങള്‍ ഉപയോഗിക്കില്ലെന്ന് ജമാല്‍ അല്‍മുഷറഖ് ആവര്‍ത്തിച്ചു.



