അബുദാബി – യു.എ.ഇ ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്ത 27 അംഗ ഭീകര സംഘത്തില്‍ ബഹ്‌റൈനിലെ പ്രശസ്ത ശിയാ പുരോഹിതന്‍ അബ്ദുല്ല അല്‍ഗുറൈഫിയുടെ മകന്‍ അദ്‌നാന്‍ അബ്ദുല്ല അല്‍ഗുറൈഫിയുമുള്ളതായി റിപ്പോര്‍ട്ട്. ബഹ്റൈന്‍ കലാപകാലത്ത് സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ കാരണം നേരത്തെ ബഹ്റൈന്‍ പൗരത്വം റദ്ദാക്കിയ പ്രമുഖ ശിയാ പുരോഹിതന്‍ അബ്ദുല്ല അല്‍ഗുറൈഫിയുടെ മകനാണ് അദ്നാന്‍. ഭീകരതയോട് അനുഭാവം പുലര്‍ത്തിയതിന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം 2019 ല്‍ അദ്ദേഹത്തിനെതിരെ കേസെടുത്തു.
ബഹ്‌റൈന്‍ പൗരത്വം റദ്ദാക്കിയ ശേഷം പിതാവായ അബ്ദുല്ല അല്‍ഗുറൈഫി ഏതാനും രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങിയ ശേഷം ഇറാന്‍ നഗരമായ ഖുമില്‍ സ്ഥിരതാമസമാക്കി. മകന്‍ അദ്നാന്‍ യു.എ.ഇയിലെ താമസം തെരഞ്ഞെടുത്തു. ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജാവ് 2020 ല്‍ അബ്ദുല്ല അല്‍ഗുറൈഫിയെ സ്വീകരിച്ചിരുന്നു. ഈ സന്ദര്‍ശനത്തെ കുറിച്ച വിശദാംശങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നില്ല. കൂടിക്കാഴ്ച രേഖപ്പെടുത്തുന്ന ഫോട്ടോ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ചു.
യു.എ.ഇ അധികൃതര്‍ അദ്നാന്‍ അല്‍ഗുറൈഫിയെ അറസ്റ്റ് ചെയ്തതായും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണവും രേഖകളും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അറസ്റ്റിലായ 27 അംഗ ഭീകര സംഘം ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും രഹസ്യ മീറ്റിംഗുകളില്‍ പങ്കെടുത്തതായും യു.എ.ഇ ദേശീയ സുരക്ഷാ ഏജന്‍സി ഇന്നലെ അറിയിച്ചിരുന്നു.



