ദുബായ്: മോഷണക്കുറ്റത്തിന് ഗായകനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ അബ്ദു റോസിക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. ഇക്കാര്യം റോസിക്കിന്റെ മാനേജ്‌മെന്റ് കമ്പനി സ്ഥിരീകരിച്ചു.
താജിക്കിസ്ഥാന്‍ സ്വദേശിയായ റോസികിനെ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മോണ്ടിനെഗ്രോയില്‍ നിന്ന് ദുബായിലെത്തിയ ഉടന്‍ അധികൃതര്‍ കസ്റ്റഡിയിലെടുക്കകയായിരുന്നു. പരാതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
വളര്‍ച്ചാ ഹോര്‍മോണ്‍ കുറവ് മൂലം മൂന്നടി ഉയരം മാത്രമുള്ള റോസിക് ഏറ്റവും പ്രശസ്തനായ സോഷ്യല്‍ മീഡിയ താരമാണ്. യുഎഇ ഗോള്‍ഡന്‍ വിസ ഉടമയായ 21കാരന്‍ വര്‍ഷങ്ങളായി ദുബായിലാണ് താമസിക്കുന്നത്.
സംഗീതം, വൈറല്‍ വീഡിയോകള്‍, റിയാലിറ്റി ടെലിവിഷന്‍ പരിപാടികള്‍ എന്നിവയിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. യുകെയില്‍ ‘ഹബീബി’ എന്ന റസ്റ്റോറന്റ് ബ്രാന്‍ഡ് സ്വന്തമായുണ്ട്.
കഴിഞ്ഞ വര്‍ഷം ഒരു ഹോസ്പിറ്റാലിറ്റി സ്ഥാപനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തില്‍ ഇന്ത്യയുടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അബ്ദു റോസികിനെ ചോദ്യം ചെയ്തിരുന്നു.