ദുബായ് – നഗരത്തിലെ തെരുവുകളിലൂടെ 290 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ ബൈക്ക് ഓടിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെതിരെ ശക്തമായ നടപടിയുമായി അധികൃതർ. റോഡില്‍ അപകടകരമായ തരത്തിൽ സാഹസികതകള്‍ കാണിക്കുകയും വാഹനങ്ങള്‍ക്കിടയിലൂടെ വെട്ടിച്ച് കയറി സഞ്ചരിക്കുകയും ചെയ്ത ബൈക്ക് യാത്രികനെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി ദുബായ് പോലീസ് വിളിച്ചുവരുത്തി.
അമിത വേഗതയില്‍ ബൈക്ക് ഓടിച്ച യുവാവ് ഒറ്റച്ചക്രത്തില്‍ സഞ്ചരിക്കുന്നതും വാഹനങ്ങള്‍ക്കിടയിലൂടെ അശ്രദ്ധമായി സഞ്ചരിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് സ്‌പെഷ്യലിസ്റ്റ് ട്രാഫിക് പട്രോളിംഗ് റൈഡറെ പിടികൂടുകയായിരുന്നു. മോട്ടോര്‍ സൈക്കിള്‍ കസ്റ്റഡിയിലെടുത്തതായും നിയമനടപടികള്‍ക്കായി റൈഡറെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലിം ബിന്‍ സുവൈദാന്‍ പറഞ്ഞു.
290 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്ന് ബിന്‍ സുവൈദാന്‍ മുന്നറിയിപ്പ് നല്‍കി. അത്തരം വേഗതയില്‍, ഒരു റൈഡര്‍ക്ക് പെട്ടെന്നുള്ള മാറ്റങ്ങള്‍, തടസ്സങ്ങള്‍, പാതയിലേക്ക് വരുന്ന മറ്റു വാഹനങ്ങള്‍ എന്നിവയോട് പ്രതികരിക്കാന്‍ വളരെ കുറച്ച് സമയമേ ലഭിക്കുകയുള്ളൂ. നിയന്ത്രണം നഷ്ടപ്പെടുന്നത് ബാരിയറുകള്‍, ഫുട്പാത്തുകളുടെ അരികുഭിത്തികള്‍, തെരുവ് വിളക്ക് പോസ്റ്റുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവയിലേക്ക് ബൈക്ക് യാത്രികനെ എടുത്തെറിയുകയും ചെയ്യും. ഒരു അടച്ച വാഹനം നല്‍കുന്ന സംരക്ഷണം ഇല്ലാത്തതിനാല്‍, അപകടത്തില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രികര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.
ഉയര്‍ന്ന വേഗതയില്‍ വാഹനങ്ങള്‍ക്കിടയില്‍ ഇടിച്ചു കയറുന്നതിന്റെ അപകടങ്ങളെ കുറിച്ചും പോലീസ് മുന്നറിയിപ്പ് നല്‍കി. റോഡ് വ്യക്തമായി കാണുമ്പോള്‍ ഡ്രൈവര്‍ക്ക് കണ്ണാടികള്‍ പരിശോധിച്ച് ട്രാക്ക് മാറാന്‍ തുടങ്ങാം. എന്നാല്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്ന ഒരു മോട്ടോര്‍ സൈക്കിളിന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ അതേ സ്ഥലത്ത് എത്താന്‍ കഴിയും. ഇത് രണ്ട് റോഡ് ഉപയോക്താക്കള്‍ക്കും പ്രതികരിക്കാനും കൂട്ടിയിടി ഒഴിവാക്കാനും സമയമില്ലാതാക്കുമെന്ന് പോലീസ് പറഞ്ഞു.
ഒറ്റച്ചക്രത്തില്‍ സഞ്ചരിക്കുന്നത് മോട്ടോര്‍ സൈക്കിളിന്റെ സ്ഥിരത, സ്റ്റിയറിംഗ്, ബ്രേക്കിംഗ് കഴിവ് എന്നിവ കുറക്കുന്നതിലൂടെ അതിനെ നിയന്ത്രിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു. അസമമായ റോഡ് പ്രതലങ്ങള്‍, തടസ്സങ്ങള്‍, ശക്തമായ കാറ്റ്, റോഡിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ എന്നിവ റൈഡര്‍ക്ക് പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെടാന്‍ കാരണമാകും.
അമിത വേഗത റൈഡറുടെ ദൂരങ്ങള്‍ വിലയിരുത്താനും തീരുമാനങ്ങള്‍ എടുക്കാനുമുള്ള കഴിവിനെ ബാധിക്കുകയും അവരുടെ കാഴ്ചശക്തി കുറക്കുകയും ചെയ്യുന്നതായി ബിന്‍ സുവൈദാന്‍ പറഞ്ഞു. ഇത് ഏതൊരു അപകടത്തിന്റെയും തീവ്രത വര്‍ധിപ്പിക്കുന്നു. അശ്രദ്ധമായ ഡ്രൈവിംഗ് മറ്റ് വാഹനമോടിക്കുന്നവരെയും അപകടത്തിലാക്കിയേക്കും. വേഗത്തില്‍ സഞ്ചരിക്കുന്ന മോട്ടോര്‍ സൈക്കിളിനെ ഒഴിവാക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യാനോ വാഹനം വെട്ടിക്കാനോ ഡ്രൈവര്‍മാരെ നിര്‍ബന്ധിതരാക്കും. അത് കൂടുതല്‍ കൂട്ടിയിടികള്‍ക്ക് കാരണമാകും.
അപകടകരമായ ഡ്രൈവിംഗ് കണ്ടെത്താനും നിയമ ലംഘകര്‍ക്കെതിരെ നടപടിയെടുക്കാനും സ്മാര്‍ട്ട് ട്രാഫിക് മോണിറ്ററിംഗ് സിസ്റ്റങ്ങളും പട്രോളിംഗും ഉപയോഗിക്കുന്നുണ്ടെന്ന് ദുബായ് പോലീസ് പറഞ്ഞു. അഭ്യാസ പ്രകടനങ്ങള്‍ക്കോ വേഗത പരിശോധനകള്‍ക്കോ ഉള്ള സ്ഥലമല്ല റോഡുകള്‍. ഗതാഗത നിയമങ്ങള്‍ പാലിക്കാനും ഉത്തരവാദിത്തത്തോടെ വാഹനമോടിക്കാനും മോട്ടോര്‍ സൈക്കിള്‍ യാത്രികരോട് ബിന്‍ സുവൈദാന്‍ അഭ്യാര്‍ഥിച്ചു. റോഡുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നത് കൂട്ടായ ഉത്തരവാദിത്തമാണ്. അപകടകരമായ പെരുമാറ്റം നിരപരാധികളായ റോഡ് ഉപയോക്താക്കളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും ബിന്‍ സുവൈദാന്‍ പറഞ്ഞു.







