അബുദാബി– കേരളപ്പിറവി ദിനാഘോഷങ്ങളോടെ തുടക്കംകുറിച്ച പരിപാടികളുടെ സമാപനമായ കേരളോത്സവം ഡിസംബർ 5ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ (കെഎസ്‌സി) ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
3 ദിവസം നീണ്ടുനിൽക്കുന്ന വ്യത്യസ്ത പരിപാടികളിലായി നാൽപതിനായിരത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള സോഷ്യല്‍ സെന്റര്‍ പ്രത്യേകം സജ്ജമാക്കുന്ന വേദിയിൽ ഗ്രാമീണോത്സവത്തിന്റെ പ്രതീതി സൃഷ്ടിച്ചുകൊണ്ട് അരങ്ങേറുന്നകേരളോത്സവത്തില് ഭക്ഷണസ്റ്റാളുകള്‍, വിനോദസ്റ്റാളുകൾ,തട്ടുകടകള്‍, പ്രദര്‍ശന സ്റ്റാളുകള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ശാസ്ത്ര പ്രദര്‍ശനം എന്നിവയുണ്ടാവും.സമാപനദിവസമായ ഡിസംബര്‍ ഏഴിന് പ്രവേശന പാസുകള്‍ നറുക്കിട്ടെടുത്ത് ഒന്നാം സമ്മാനമായി കാറും രണ്ടാം സമ്മാനമായി 10 ഗ്രാം സ്വർണം വീതം 5 പേർക്ക് നൽകും. ഇതുൾപ്പെടെ മൊത്തം 106 പേർക്ക് സമ്മാനങ്ങൾ നൽകും.
വാർത്താസമ്മേളനത്തിൽ കെഎസ്‌സി പ്രസിഡന്റ് ടി.കെ.മനോജ്, ജനറൽ സെക്രട്ടറി സജീഷ് സുകുമാരൻ, ഫിനാൻസ് കൺവീനർ അഡ്വ. അൻസാരി സൈനുദ്ദീൻ, കലാവിഭാഗം സെക്രട്ടറി ടി.എച്ച്.ഹാരിസ്, ജനറൽ കൺവീനർ എ.കെ.ബീരാൻകുട്ടി, സാഹിത്യവിഭാഗം സെക്രട്ടറി നിഖിൽ ഹുസൈൻ എന്നിവർ പങ്കെടുത്തു.



