യുഎഇ– ഇറാനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി യുഎഇ ഫെഡറൽ നാഷണൽ കൗൺസിലിലെ ഡിഫൻസ്, ഇന്റീരിയർ ആൻഡ് ഫോറിൻ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ഡോ. അലി റാഷിദ് അൽ നുഐമി. സ്കൈ ന്യൂസ് അറേബ്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇറാനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഗൾഫ് രാജ്യങ്ങളുടെ പ്രതിരോധ നയത്തിന് പരിധികളുണ്ടെന്നും പൗരന്മാർക്കും താമസക്കാർക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ തുടർന്നാൽ ഈ സംയമനം അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ അന്താരാഷ്ട്ര നിയമങ്ങളും അയൽബന്ധ തത്ത്വങ്ങളും ലംഘിക്കുകയാണെന്നും, സ്വന്തം പ്രദേശം ഇറാനെതിരെ ഉപയോഗിക്കില്ലെന്ന് ഗൾഫ് രാജ്യങ്ങൾ ഉറപ്പുനൽകിയിട്ടും വിമാനത്താവളങ്ങളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗൾഫ് രാജ്യങ്ങൾക്കിടയിൽ നിലവിൽ ഉയർന്ന തലത്തിലുള്ള ഏകോപനം നടക്കുന്നുണ്ടെന്നും ആക്രമണങ്ങൾ വിലയിരുത്തി വരുംദിവസങ്ങളിലെ നിലപാടുകൾ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇറാൻ ജനതയ്ക്ക് എല്ലാ നന്മകളും നേരുന്നതായും അവർക്ക് ദോഷകരമാകുന്ന ഒരു യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടാൻ യുഎഇ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം, എന്നാൽ കരാറുകൾ പാലിക്കാത്തതിലൂടെ ഇറാൻ തങ്ങളുടെ വിശ്വാസ്യത തകർത്തുവെന്നും വിമർശിച്ചു. രാജ്യത്തെ പ്രതിരോധിക്കാൻ സോഷ്യൽ മീഡിയയിലൂടെയും മറ്റും സന്നദ്ധത പ്രകടിപ്പിക്കുന്ന വിവിധ ദേശീയതകളിലുള്ള താമസക്കാരെ അഭിനന്ദിച്ച ഡോ. അലി റാഷിദ്, യുഎഇ എല്ലാവർക്കും സുരക്ഷ ഉറപ്പാക്കുമെന്നും പ്രദേശം സുരക്ഷിതമായി തുടരുമെന്നും ഉറപ്പുനൽകി.



