ദുബൈ – ആഗോള സാമ്പത്തിക-രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ യുഎഇയിൽ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ദുബൈ വിപണിയിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 570.50ദിർഹം എന്ന ചരിത്രവില രേഖപ്പെടുത്തി. 22 കാരറ്റിന് 528.25 ദിർഹമാണ് ഇന്നത്തെ നിരക്ക്. 21 കാരറ്റിന് 506.50 ദിർഹവും 18 കാരറ്റിന് 434.25 ദിർഹവും 14 കാരറ്റിന് 338.75 ദിർഹവുമാണ് നിലവിലെ വിലനിലവാരം.
ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4,726.80 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ കുറവ് വരുത്തിയേക്കുമെന്ന സൂചനകളും ഇറാൻ-അമേരിക്കൻ ബന്ധത്തിലെ അസ്വാരസ്യങ്ങൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ സാഹചര്യങ്ങളുമാണ് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്. ഡിസംബറിലെ യുഎസ് പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേക്ക് നീങ്ങിയതും വില കൂടാൻ കാരണമായിട്ടുണ്ട്.



